ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ രാജസ്ഥാനില്‍നിന്ന് കണ്ടെത്തി. ഫോണുകളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. പാര്‍ലമെന്റിനകത്തും പുറത്തും അതിക്രമത്തില്‍ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് കടന്ന ഇയാള്‍ ഇവിടെവെച്ച് ഫോണുകള്‍ നശിപ്പിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ആദ്യം നാല് പ്രതികളുടെയും ഫോണുകള്‍ കത്തിച്ചതിന് ശേഷം സ്വന്തം ഫോണും ലളിത് ഇവിടെവച്ച് നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. കേസന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി പ്രതികളുടെ ഫോണുകള്‍ ലളിത് ഝാ നശിപ്പിച്ചിരിക്കാമെന്ന് നേരത്തെതന്നെ ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. മൊബൈല്‍ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ ചില വസ്ത്രങ്ങളുടെയും ഷൂവിന്റെ അവശിഷ്ടങ്ങളും രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലളിത് ഝായെ ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് രാജസ്ഥാനിലെ നഗരൂര്‍ സ്വദേശി മഹേഷായിരുന്നു. ഇയാള്‍ക്കൊപ്പം താമസിക്കവെയാണ് ലളിത് ഫോണുകള്‍ നശിപ്പിച്ചത്. മഹേഷിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവം നടക്കുന്ന ദിവസം രാജസ്ഥാനില്‍നിന്നാണ് മഹേഷ് ഡല്‍ഹിയിലേക്ക് വന്നത്. ശേഷം, രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ് ലളിത് ഝാ രക്ഷപ്പെട്ടത്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.
പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ ദേഹത്ത് സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ലളിത് ഝാ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും സ്വയം തീകൊളുത്തുക എന്നതായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. ഇത് നടക്കില്ലെന്നു മനസ്സിലായതോടെയാണ് പ്ലാന്‍ ബി അനുസരിച്ച് സ്പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റിയത്.
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവര്‍ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ലോക്സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തു. അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തിയാണ് ലളിത് ഝാ കീഴടങ്ങിത്.