ലണ്ടൻ:ചൈനയിലെ വടക്കൻ പ്രവിശ്യകളിലുടനീളം കഴിഞ്ഞയാഴ്ച ട്രാഫിക്ക് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും അണഞ്ഞു, ഇത് നിരവധി നഗരങ്ങളിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായി. വൈദ്യുത തകരാറാണ് കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. വൈദ്യുതി വിച്ഛേദിക്കാനുള്ള സർക്കാർ തീരുമാനമായിരുന്നു നടപ്പായത്. ചൈനയുടെ വൈദ്യുത ഉത്പാദനത്തിന്റെ വലിയൊരു ശതമാനവും താപ വൈദ്യുത നിലയങ്ങളെ ആശ്രയിച്ചിട്ടുള്ളതാണ്. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില കാരണമുള്ള വൈദ്യുത ക്ഷാമവും കാർബൺ പുറന്തള്ളുന്നത് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സർക്കാർ തീരുമാനവുമാണ് ഈ ‘സ്വിച്ച് ഓഫ്’ പ്രതിഭാസത്തിന് പിന്നിൽ. കനത്ത വൈദ്യുതക്ഷാമത്തിലൂടെയാണ് ചൈന കടന്നുപോകുന്നത്. വടക്കൻ പ്രവിശ്യയിൽ കൽക്കരിയുടെ വിലവർദ്ധനയാണെങ്കിൽ തെക്കൻ പ്രവിശ്യയിൽ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവാണ് ബെയ്ജിങ്ങിന് തലവേദനയുണ്ടാക്കുന്നത്.
അതേസമയം, യു.കെയും സമാനമായ ക്ഷാമത്തിൻറെ പിടിയിലാണ്. എന്നാൽ വൈദ്യുതിക്കല്ല ക്ഷാമം, പെട്രോളിനാണ്! വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതിനാൽ ചില പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്ത് കിലോമീറ്ററുകൾ നീണ്ട ക്യൂവാണ് ഇപ്പോൾ കാണാനാകുക. ചിലർ കാത്തുനിന്നു മടുത്ത് സ്വന്തം കാറുകളിൽ തന്നെ കിടന്നുറങ്ങുന്നു. ചിലർ വരിതെറ്റിച്ച് മുന്നിലേക്ക് കയറാൻ ശ്രമിക്കുന്നത് തെരുവുയുദ്ധത്തിനു പോലും കാരണമാകുന്നു. ഇങ്ങനെ അപൂർവ്വ കാഴ്ചകൾക്കാണ് യു.കെയിലെ പെട്രോൾ സ്റ്റേഷനുകൾ വേദിയാകുന്നത്. പല പെട്രോൾ സ്റ്റേഷനുകൾക്കും പ്രവർത്തിക്കാനാകാതെ അടച്ചുപൂട്ടേണ്ട അവസ്ഥവരെ സംജാതമായിരിക്കുകയാണ്.
ആഗോള വിതരണ ശൃംഖലയെ ഞെട്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന തങ്ങളുടെ ഫാക്ടറികളുടെ പോലും ഉത്പാദനം തടഞ്ഞ് ഊർജ്ജം സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് ചൈന നേരിടുന്ന വൈദ്യുതിക്ഷാമത്തിൻറെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായ ഈ തീരുമാനം, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന ജിയാങ്സു, സെജിയാങ്, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ ഉൽപാദനത്തിൽ കുറവുണ്ടാക്കുമെന്ന് ചൈനീസ് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനനുസരിച്ച് സാധനങ്ങളുടെ വിലയും ഇവർക്ക് ഉയർത്തേണ്ട സാഹചര്യമുണ്ടാകാം. ഇത് ആഗോളതലത്തിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കോവിഡിനെത്തുടർന്ന് അടുത്തകാലത്ത് ചൈനയിലെ തുറമുഖങ്ങളിലുണ്ടായ തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലകളിൽ അലയടിച്ചതിന് പിന്നാലെയാണ് വൈദ്യുതി പ്രശ്നങ്ങളും ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. കർശനമായ കോവിഡ് നിയന്ത്രണ നടപടികൾ, പ്രോപ്പർട്ടി മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവമൂലമുണ്ടായ പ്രശ്നങ്ങൾക്ക് പുറമേ ഊർജ്ജ പ്രതിസന്ധികൂടി വരുന്നതോടെ ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയിലെ തെക്കൻ പ്രവിശ്യകളിൽ ജൂൺ മുതൽ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിർമ്മാതാക്കൾക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഉത്തരവിട്ടതോടെ ഫാക്ടറികൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. ഗ്വാങ്ഡോങ് പ്രവിശ്യ അവരുടെ ഊർജ്ജാവശ്യത്തിൻറെ 30 ശതമാനത്തിനും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇത്തവണത്തെ കടുത്ത വേനൽ ജലസംഭരണികളെ വറ്റിക്കുകയും പ്രവിശ്യയിലെ ഊർജ്ജ വിതരണത്തെ താറുമാറാക്കുകയും ചെയ്തു.
ചൈനയുടെ തെക്കൻ പ്രവിശ്യകളെ അപേക്ഷിച്ച് ഊർജ്ജത്തിനായി ഫോസിൽ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നവയാണ് വടക്കൻ പ്രവിശ്യകൾ. കൂടാതെ വരണ്ട ഭൂപ്രകൃതിയുള്ള ഈ പ്രദേശത്ത് വൈദ്യുതി ഉത്പാദിപ്പിക്കാൻ കൽക്കരി, വൈദ്യുത നിലയങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നുണ്ട്.
കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള തീരുമാനത്തിൻറെ ഭാഗമായി, കാർബൺ പുറന്തള്ളൽ കുറഞ്ഞ ക്വാട്ടയിൽ നിലനിർത്താൻ 2019-ൽ സർക്കാർ തീരുമാനമുണ്ടായിരുന്നു. എന്നാൽ ഇത് സാധിക്കാതിരുന്നതുമൂലം സർക്കാരിന്റെ കനത്ത നീരസം നേരിടേണ്ടി വന്നത് പ്രാദേശിക ഭരണകൂടങ്ങൾക്കും വൈദ്യുത കമ്പനികൾക്കും വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് സർക്കാരും കമ്പനികളും കനത്ത വെെദ്യുത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയത്. കൂടാതെ വെെദ്യുത നിരക്കുകളിൽ വലിയ വർദ്ധന വരുത്താനും കമ്പനികൾക്ക് അധികാരികൾ നിർദേശം നൽകി.
സാധാരണഗതിയിൽ, വൈദ്യുതി ഉപഭോഗത്തിന്റെ ആഘാതത്തിൽ നിന്ന് ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കുന്ന കീഴ്വഴക്കമാണ് ചൈനീസ് ഭരണകൂടം സ്വീകരിക്കാറുണ്ടായിരുന്നത്. വൈദ്യുതി സംരക്ഷിക്കുന്നതിനായി ട്രാഫിക്ക് ലൈറ്റുകളും തെരുവു വിളക്കുകളും അണയ്ക്കുന്നതുമുതൽ വലിയ അപ്പാർട്ടുമെന്റുകളിലെ ലിഫ്റ്റ് സേവനങ്ങൾ പോലും നിർത്തിവച്ചതോടെ ബഹുനില കെട്ടിടങ്ങളുടെ നിവാസികൾ പടികൾ നടന്നുകയറാൻ നിർബന്ധിതരായിരിക്കുകയാണ്. ഗുവാങ്ഡോങ് പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം, താമസക്കാർ എയർ കണ്ടീഷനിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയും വൈദ്യുത ബൾബുകൾക്ക് പകരം പ്രകൃതിദത്ത വെളിച്ചത്തെ ആശ്രയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വിളിച്ചോതുന്നതാണ്.
അധികമായി വെെദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചില വെെദ്യുതി കമ്പനികൾ നോട്ടീസ് അയച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുകയോ, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം പ്രവർത്തനം പൂർണ്ണമായും നിർത്തുകയോ ചെയ്യാനാണ് ഇത്തരം കമ്പനികൽക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ആപ്പിളും ടെസ്ലയുമുൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര കമ്പനികൾ അനിശ്ചിതകാലത്തേക്ക് ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ, വ്യവസായം മാത്രം ലക്ഷ്യംവെച്ചാൽ പോരെന്നും നെറ്റ്-സീറോ കാർബൺ സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ 2060-ൽ അത് കെെവരിക്കണമെന്നുമാണ് ബെയ്ജിങിൽ നിന്നുള്ള പ്രതികരണം. സാധാരണ പൗരന്മാർ ഇതുമായി പൊരുത്തപ്പെടേണ്ടിവരുമെന്നും അധികാരികൾ പറയുന്നു.
ചെെനയെപ്പോലെ തന്നെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് യു.കെയും കടന്നുപോകുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. പെട്രോളിനുവേണ്ടി തെരുവിൽ പരസ്പരം തമ്മിൽതല്ലുന്നവർ മുതൽ പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ പെട്ട് ഭക്ഷണവും ഉറക്കവും കാറുകളിൽ തന്നെയാക്കിയവരെ വരെ ഇപ്പോൾ രാജ്യത്ത് കാണാനാകും. എന്നാൽ, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നാണ് എണ്ണ കമ്പനികൾ അവകാശപ്പെടുന്നത്.
ഷെൽ, എക്സോൺ മൊബീൽ, ഗ്രീൻജെർജി എന്നിവയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾ പെട്രോൾ ക്ഷാമമില്ലെന്ന് ഉറപ്പിച്ചുപറയുന്നു. ഉപയോക്താക്കളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റമാണ് വിതരണത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനികളുടെ വാദം. തെറ്റായ പ്രചാരണങ്ങളെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് താൽക്കാലികമായ ഈ ക്ഷാമത്തിന് ഇടയാക്കിയതെന്നും അവർ അറിയിച്ചു. അധികാരികളും മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നിരുന്നാലും, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ രാജ്യത്ത് പെട്രോളിന് ക്ഷാമമുണ്ടെന്ന് വ്യക്തമാണ്. ഏകദേശം 5,500 സ്വതന്ത്ര ഔട്ട്ലെറ്റുകളിൽ മൂന്നിൽ രണ്ട് സ്ഥലങ്ങളിലും ഇപ്പോൾ ഇന്ധനം തീർന്നിരിക്കുകയാണെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ഉടൻ ഇന്ധനം തീരുമെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം ലോറി ഡ്രൈവർമാരാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോറി ഡ്രൈവർമാരുടെ കുറവ് കാരണം എണ്ണക്കമ്പനിയായ ബിപി തങ്ങളുടെ ഏതാനും പെട്രോൾ സ്റ്റേഷനുകൾ താൽക്കാലികമായി അടയ്ക്കേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞതോടെയാണ് ഇന്ധന പരിഭ്രാന്തി ഉടലെടുത്തത്. മറ്റ് ചില എണ്ണക്കമ്പനികൾക്കും ആ സമയത്ത് സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
നിലവിൽ യുകെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് ലോറി ഡ്രൈവർമാരുടെ ലഭ്യതക്കുറവ്. യുകെയിൽ 1,00,000 ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് കണക്ക്. സമീപ മാസങ്ങളിൽ സൂപ്പർമാർക്കറ്റുകൾ മുതൽ ഫാസ്റ്റ്ഫുഡ് ശൃംഖലകൾ വരെയുള്ള നിരവധി വ്യവസായങ്ങൾക്ക് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നായും വിദഗ്ധർ പറയുന്നു.
യൂറോപ്പിലുടനീളം ഹെവി ഗുഡ്സ് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ക്ഷാമമുണ്ടെങ്കിലും യു.കെയെയാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രെക്സിറ്റിന് ശേഷം, പല യൂറോപ്യൻ ഡ്രൈവർമാരും അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും രാജ്യത്തിന് തിരിച്ചടിയായി.
പെട്രോൾ സ്റ്റേഷനുകളിൽ ജനക്കൂട്ടം സൃഷ്ടിക്കുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ മിലിട്ടറി ടാങ്കർ ഡ്രൈവർമാർക്ക് പരിശീലനം നൽകുമെന്നും ആവശ്യമെങ്കിൽ അവരെ വിന്യസിക്കാൻ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി, ക്രിസ്മസിന് മുന്നോടിയായി 5,000 വിദേശ ഇന്ധന ടാങ്കറുകൾക്കും ലോറി ഡ്രൈവർമാർക്കും താൽക്കാലിക വിസ നൽകുമെന്ന പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.