തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയയാളെ കണ്ടെത്തി.
ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്സൈസിന് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. ഇയാളെ പൊലീസ് കേസിൽ പ്രതി ചേർത്തു. ചോദ്യംചെയ്യലിനു ഹാജരാകാൻ നാരായണദാസിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.
ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.
ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബ്യൂട്ടി പാർലർ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് ഫെബ്രുവരി 27നാണ് എക്സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു വലിയ വാർത്തയായി. ചാലക്കുടി പ്രധാന പാതയിൽ ടൗൺഹാളിന് എതിർവശത്താണു ഷീലയുടെ ബ്യൂട്ടി പാർലർ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്നും പാർലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോൾ ഉള്ളിൽ ചെറിയൊരു അറയിൽ 12 സ്റ്റാംപുകൾ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തെന്നും സ്റ്റാംപുകൾ കാക്കനാട് റീജനൽ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമാണ് എക്സൈസ് വിശദീകരണം.