CrimeFeaturedhome bannerHome-bannerKeralaNews

മുട്ടിൽ മരംമുറി കേസ്:അഗസ്റ്റിൻ സഹോദരങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അനുമതിക്കത്തുകൾ വ്യാജം

വയനാട്: മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് കണ്ടെത്തി. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്. അനുമതിക്കത്തുകള്‍ എഴുതി തയ്യാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയായ റോജി അഗസ്ത്യനാണ്. കൈയ്യക്ഷര പരിശോധനയിലാണ് കണ്ടെത്തൽ. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളിൽ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടിൽ വില്ലേജ് ഓഫീസിൽ നിന്നും വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു.

300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയിൽ നിന്നുപോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.

ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയിൽ നിന്നും മരംമുറിക്കാനുള്ള അനുമതിയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം. ഇത് തള്ളുന്നതാണ് മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും മുറിച്ചു കടക്കാൻ ശ്രമിച്ചവേ വനംവകുപ്പ് പിടികൂടിയ മരങ്ങളിൽ 300 വർഷത്തിന് മുകളിലുള്ള മരങ്ങൾ 12 എണ്ണവും 400 ന് മുകളിലുള്ളവ ഒൻപതെണ്ണവുമായിരുന്നു. മൂന്ന് എണ്ണത്തിൻറെ പഴക്കം 500 വർഷത്തിലധികമായിരുന്നുവെന്നും ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.

മരങ്ങളുടെ പഴക്കം തെളിഞ്ഞതോടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ശക്തമായി. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. കേസെടുത്ത് രണ്ട് വർഷമായിട്ടും പിടികൂടിയ മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചതാണോയെന്ന് വ്യക്തമാകാൻ പൊലിസ് ഡിഎൻഎ ഫലം കാക്കുകയായിരുന്നു. ഡിഎൻഎ ഫലം കിട്ടിയെങ്കിലും റവന്യൂവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസം കേസിനെ കുഴക്കുന്നുണ്ട്. 

പട്ടയഭൂമിയില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട വർഷങ്ങള്‍ പഴക്കമുള്ള രജകീയ വൃക്ഷങ്ങളുടെ മൂല്യം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടത് റവന്യൂവകുപ്പാണ്. ഇത് റവന്യൂവകുപ്പ് ചെയ്യുന്നില്ല. കോടികള്‍ പിഴകൂടി ചുമത്തിയാൽ പ്രതികള്‍ക്കെതിരായ നടപടി വീണ്ടും ശക്തമാകും. പക്ഷെ റവന്യൂ വകുപ്പിന് മെല്ലെപോക്കാണ്. റോജി അഗസ്റ്റിൻ, ആൻറോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേ‍ർക്കെതിരായ , കേസിൽ താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരം മുറിക്കേസിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസിൽ ഏഴു കേസിൽ ഇതിനകം കുറ്റപത്രം നൽകി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടിൽ മരംമുറിയിലാണ് ഇനി കുറ്റപത്രം സമർപ്പിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker