ഭോപാല്‍: രാജ്യത്തെ ജനങ്ങള്‍ ജയ് ശ്രീറാം ജപിക്കണമെന്നും പട്ടിണി മൂലം മരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച മധ്യപ്രദേശിലെ സാരംഗ്പുരില്‍ ഭാരത് ജോഡോ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
സാരംഗ്പുരിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘മോദി, മോദി, ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രാഹുലിനെ എതിരേറ്റത്. കൂടാതെ അവര്‍ രാഹുലിന് ഉരുളക്കിഴങ്ങ് നൽകി, പകരം സ്വര്‍ണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി. പ്രവര്‍ത്തകരുടെ മോദി അനുകൂല മുദ്രാവാക്യങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ ദിവസം മുഴുവനും സാമൂഹികമാധ്യമങ്ങളിലെ റീലുകള്‍ കണ്ട് നേരം കളയുകയാണെന്നും രാഹുല്‍ പറഞ്ഞു.
“ദിവസം മുഴുവനും നിങ്ങള്‍ ഫോണും നോക്കിയിരിക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ജയ് ശ്രീറാമെന്ന് ജപിച്ചിരുന്നോളൂ, എന്നിട്ട് പട്ടിണികിടന്ന് മരിച്ചോളൂ”, രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച അഗ്നിവീര്‍ പദ്ധതിയേയും രാഹുല്‍ വിമർശിച്ചു. “മുന്‍കാലങ്ങളില്‍ യുവാക്കള്‍ക്ക് സായുധസേനകള്‍ രണ്ട് ഉറപ്പുകള്‍ നല്‍കിയിരുന്നു- പെന്‍ഷനും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന പക്ഷം അര്‍ഹിക്കുന്ന ആദരവും. എന്നാല്‍, ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന അഗ്നിവീര്‍ പദ്ധതിയിലാകട്ടെ നാലുപേര്‍ക്ക് സൈനികസേവനത്തിന് അവസരം നല്‍കിയാല്‍ അതില്‍ മൂന്ന് പേരെ പിരിച്ചുവിടും. ആ പിരിച്ചുവിടുന്നവര്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരായിരിക്കും”, രാഹുല്‍ പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി രാഹുല്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് പാകിസ്താനേക്കാള്‍ ഇരട്ടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുലിന്റെ പരാമര്‍ശം. രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവടങ്ങളേക്കാള്‍ കൂടുതലാണെന്നും ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 40 കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.