FeaturedKeralaNews

വോട്ടുചോദിച്ച പി.സി.ജോര്‍ജിനെ കൂകിവിളിച്ച് നാട്ടുകാര്‍,തെറിവിളിച്ച് ജോര്‍ജിന്റെ മടക്കം,വീഡിയോ കാണാം

ഈരാറ്റുപേട്ട:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിക്കാനെത്തിയ ജനപക്ഷം നേതാവു പൂഞ്ഞാര്‍ എം.എല്‍.എയുമായ പിസി ജോര്‍ജ്ജിനെ കൂകി വിളിച്ച് നാട്ടുകാര്‍. ദേഷ്യം വന്ന പിസി ജോര്‍ജ്ജ് നാട്ടുകാരെ തെറിവിളിച്ചാണ് മടങ്ങിയത്. തീക്കോയി പഞ്ചായത്തില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഭവം.

കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് പറഞ്ഞത് ഇങ്ങനെ. ‘ നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ട് ചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല (ആളുകള്‍ കൂകി വിളിക്കുന്നു). നിന്നെയൊക്കെ വീട്ടില്‍ ഇതാണോ പഠിപ്പിച്ച് വിടുന്നത്. കാരണവന്മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നീയൊക്കെ അകത്ത് പോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ചുവളര്‍ന്നവനാണ്. ഇനിയും ഇവിടെത്തന്നെ കാണും.’ എന്ന് പറഞ്ഞ ശേഷമാണ് പിസി ജോര്‍ജ്ജ് സ്ഥലത്തു നിന്നും മടങ്ങിയത്.

കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് വിജയിച്ച പിസി ജോര്‍ജ്ജിന് കഴിഞ്ഞ തവണ 63,621 വോട്ടുകളാണ് ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് എമ്മിന്റെ ജോര്‍ജ്ജ്കുട്ടി ആഗസ്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 35,800 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി ജോസഫ് പോണാട്ട് 22,270 വോട്ടുകളോടെ മൂന്നാമതും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് 19,966 വോട്ടുകളോടെ നാലാമതുമെത്തി

പിസി ജോര്‍ജ്ജ് മുസ്ലിം വിഭാഗത്തിനെതിരെ നിരന്തരം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. അടുത്തയിടെ ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ക്കെതിരെയും പിസി ജോര്‍ജ്ജ് രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ എന്നെ എല്ലാ കാലവും ശക്തിയുക്തം എതിര്‍ത്തിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്നെ ഒരു മുസ്ലിം വിരോധിയായി മുദ്രകുത്താന്‍ മേല്പറഞ്ഞ ചെറിയ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ഒന്നും മിണ്ടാതെ കണ്ണടച്ച് പാല്‍ കുടിക്കാന്‍ ഒരുപാട് രാഷ്ട്രീയക്കാരെ കേരളത്തില്‍ കിട്ടും. എന്നെ അങ്ങനെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട. ഇതിന്റെ പേരില്‍ എത്രമാത്രം ആക്രമണം നേരിടാനും ഞാന്‍ തയ്യാറാണ്. നേരിട്ട് ഒരു കൈ നോക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പൂഞ്ഞാറിലേയ്ക്ക് സ്വാഗതം, പി.സി.ജോര്‍ജ് അടുത്തിടെ പറഞ്ഞിരുന്നു.

https://youtu.be/V4E-yA_daqQ

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പി.സി.ജോര്‍ജ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നുപോയതാണെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല. അന്ന് പറഞ്ഞത് അപ്പോഴുണ്ടായ അരിശത്തിന് പറഞ്ഞു പോയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ തൂക്കു മന്ത്രിസഭ വരുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും പിന്തുണ കൂടി വേണ്ടിവരുമെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്.പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നും പി. സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പി. സി ജോര്‍ജ് നേരത്തെ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

‘സത്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്. രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതുകൊണ്ട് ഇവരുതമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി. സി ജോര്‍ജ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker