പത്തനംതിട്ട: പതിമൂന്നു വയസ്സുമുതൽ ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ പീഡനത്തിൽ രജിസ്റ്റർചെയ്ത കേസിൽ പ്രതിപ്പട്ടിക സൂര്യനെല്ലിക്കേസിലേതിനേക്കാൾ ഉയരാൻ സാധ്യത. പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിപ്രകാരം 62 പേരും പ്രതികളാവാനുള്ള സാധ്യതയാണ് പോലീസ് നൽകുന്നത്.
1996-ൽ സൂര്യനെല്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എടുത്ത കേസിൽ പ്രതിപ്പട്ടികയിൽ 42 പേരായിരുന്നു. ആ സംഖ്യയെയാണ് പത്തനംതിട്ടയിലെ പീഡനക്കേസ് മറികടക്കുന്നത്. സൂര്യനെല്ലി കേസ് ഉണ്ടായപ്പോൾ പോക്‌സോ നിയമം നിലവിൽ വന്നിരുന്നില്ല. ഈനിയമം വന്നശേഷം സംസ്ഥാനത്ത് പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മുന്നിലുള്ള ആദ്യകേസ് കൂടിയാണ് ഇത്.
അച്ഛന്റെ ഫോണിലാണ് പെൺകുട്ടി നമ്പരുകൾ സേവ് ചെയ്തിരുന്നത്. 32 നമ്പരുകൾ ഇങ്ങനെ ചെയ്തിട്ടുള്ളതിനാൽ ഇവർ ആദ്യഘട്ടത്തിൽ തന്നെ പ്രതിയാകും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. ഫോണിലെ വാട്‌സാപ്പിലേക്ക് ചില നമ്പരുകളിൽനിന്ന് പെൺകുട്ടിയുടെ അശ്ലീല വീഡിയോകൾ അയച്ചിട്ടുണ്ട്.
ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ സമ്മർദത്തിലാക്കി, മറ്റു പലരിലേക്കും എത്തിച്ചതിന്റെ തെളിവായി ഇത് മാറുമെന്നാണ് സൂചന. സംഭവം, സ്മാർട്ട് ഫോൺ ഉപയോഗം വശമില്ലാതിരുന്ന മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണെന്ന് കരുതുന്നു. നിലവിൽ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരമുള്ളവർ താമസിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവിധ സ്‌റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനുള്ള സാധ്യതയുണ്ട്.
പുതിയ ബസ്‌സ്റ്റാൻഡ് പെൺകുട്ടിയുടെ കൈമാറ്റത്തിന് പ്രധാനകേന്ദ്രമാക്കിയതായി പോലീസിന് വിവരംകിട്ടി. ഇവിടത്തെ ചില ഒഴിഞ്ഞകോണുകളും മുകൾനിലയും കേന്ദ്രീകരിച്ച് സമൂഹവിരുദ്ധർ സംഭവത്തിന്റെ അണിയറയിൽനിന്ന് പ്രവർത്തിച്ചതായാണ് വിവരം. മയക്കുമരുന്നിന്റെ വിപണനകേന്ദ്രംകൂടിയായ ഇവിടെ കാര്യമായ പോലീസ് നിരീക്ഷണമോ ക്യാമറകളോ ഇല്ല. പെൺകുട്ടിയെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാൻഡിൽനിന്ന് വാഹനങ്ങളിൽ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പോലീസിനുകിട്ടിയ വിവരം. മൊഴിയെടുപ്പ് തുടരുന്നു
പത്തനംതിട്ട വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തൽ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയത് ശനിയാഴ്ചയും തുടർന്നു. പീഡിപ്പിച്ചവർ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനംനടന്നതെന്നുമുള്ള വിവരങ്ങളാണ് പോലീസ് രേഖപ്പെടുത്തുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകുന്ന സൂചന.
സ്കൂളിൽ കായികതാരംകൂടിയായിരുന്ന കുട്ടിക്ക് 13 വയസ്സുള്ളപ്പോൾ ആൺസുഹൃത്ത് സുബിൻ മൊബൈൽഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീടായിരുന്നു പീഡനം. എല്ലാപ്രതികളുടെയും പേരിൽ പോക്സോ ചുമത്തും. പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. കേസിൽ രണ്ടെണ്ണം ഇലവുംതിട്ട സ്റ്റേഷനിലും മൂന്നെണ്ണം പത്തനംതിട്ട സ്റ്റേഷനിലുമാണ്.