തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പരാതി ഉണ്ടെങ്കിൽ കെ എസ് ആർ ടി സി മനേജ്മെന്റിനെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
കണ്ടക്ടറോ ഡ്രൈവറോ അസഭ്യം പറഞ്ഞാൽ വീഡിയോ ഷൂട്ട് ചെയ്‌ത് കെ എസ് ആർ ടി സിയുടെ സി എം ഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ച് കൊടുക്കാം എന്നും ആ കുറ്റകൃത്യം പരിശോധിച്ച് ആ ജീവനക്കാരനെതിരെ കൃത്യമായ നടപടി എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്കും അവരെ ഉപദ്രവിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതും പകർത്തി സി എം ഡിയ്ക്ക് അയക്കുക അത് കർശനമായ ക്രിമിനൽ കേസാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ദയവ് ചെയ്ത് ഇനി മേലിൽ എന്തെങ്കിലും കാര്യത്തിന്റെ പേരിൽ, വണ്ടിക്ക് സൈഡ് തന്നില്ല, വണ്ടിയിൽ കുഴപ്പമുണ്ടാക്കി അതിന്റെ പേരിൽ ദയവായി കെ എസ് ആർ ടി സി ജീവനക്കാരെ ശാരീരകമായി ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്യരുത്. കാരണം അവർക്ക് ഒരു തലവൻ ഉണ്ട്. അവരുടെ തലവന് അവർ തെറ്റ് കാണിച്ചാൽ ശിക്ഷിക്കാൻ അധികാരമുണ്ട്. അവർ അത് ചെയ്യുകയും ചെയ്യും.
നിങ്ങളോട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാൽ ദയവ് ചെയ്ത് വീഡിയോയിൽ പകർത്തുക. ബസ്സിന്റെ നമ്പറോട് കൂടിയ വീഡിയോ പകർത്തുക. നിങ്ങളോട് കണ്ടക്ടറോ ഡ്രൈവറോ അസഭ്യം പറഞ്ഞാൽ വീഡിയോ ഷൂട്ട് ചെയ്‌തോളു കെ എസ് ആർ ടി സിയുടെ സി എം ഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ച് കൊടുക്കുക. ആ കുറ്റകൃത്യം പരിശോധിച്ച് ആ ജീവനക്കാരനെതിരെ കൃത്യമായ നടപടി എടുത്തിരിക്കും.
ജീവനക്കാരോടും പറയുന്നു നിങ്ങളെ ഉപദ്രവിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതും പകർത്തി സി എം ഡിയ്ക്ക് അയക്കുക അത് കർശനമായ ക്രിമിനൽ കേസാക്കി മാറ്റും. വാഹനങ്ങൾ തടഞ്ഞിടരുത്. വാഹനങ്ങൾ തടഞ്ഞിട്ടാൽ അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. വാഹനം തടഞ്ഞിട്ടാൽ ആ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ആ വാഹനത്തിൽ നിന്ന് ഇറങ്ങി ടിക്കറ്റിന് വേണ്ടി ക്ലെയിം ചെയ്താൽ ആ തടഞ്ഞിട്ട ആൾ കൊടുക്കേണ്ടി വരും. ആരും പൈസ തിരിച്ച് ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ല. വണ്ടി തടയുകയോ ഡ്രൈവറെ പിടിച്ചിറക്കുകയോ ഒന്നും ചെയ്യരുത്. അദ്ദേഹം പറഞ്ഞു.