ചെന്നൈ: വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മിൽ ഏറ്റുമുട്ടി. കൊച്ചി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഡേവിസ് എന്ന മലയാളിയും അമേരിക്കൻ പൗരനും തമ്മിലാണ് ഏറ്റുമുട്ടിയത്. അടുത്തടുത്ത സീറ്റുകളിൽ ആണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതോടെ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടു.
ഇതിന് പിന്നാലെ കൈവശം ബോംബ് ഉണ്ടെന്നും വിമാനം തകർക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി. ഇതോടെ പൈലറ്റ്, എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകിയതിന് ശേഷം ചെന്നൈയിൽ വിമാനം ഇറക്കുകയുമായിരുന്നു. ബോംബ് സ്ക്വാഡും ദ്രുതകർമ സേനയും മൂന്ന് മണിക്കൂറോളം വിമാനം പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല.
ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്. ബോംബ് കൈവശമുണ്ടെന്ന് ഇരുവരും ഭീഷണി മുഴക്കിയതോടെ മറ്റു യാത്രക്കാര്‍ ഉള്‍പ്പെടെ പരിഭ്രാന്തരായി. ഇരുവരും വിമാനത്തിൽ വെച്ച് അടികൂടുന്നതിന്‍റെ വീഡിയോ സഹയാത്രക്കാര്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.