ഒട്ടാവ (കാനഡ): ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്.
ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താൻ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം.
18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. സസ്‌പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പീല്‍ പോലീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിനുനേരേ ഖലിസ്താൻ അനുകൂലികളുടെ ആക്രമണമുണ്ടായതിൽ കനേഡിയൻസർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചു. ഹിന്ദുക്ഷേത്രത്തിനുനേരേ മനഃപൂർവം നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ ഭീരുത്വംനിറഞ്ഞ ശ്രമങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികൾ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ ദുർബലമാക്കില്ലെന്നും പ്രധാനമന്ത്രി ‘എക്സി’ൽ കുറിച്ചു. കനേഡിയൻസർക്കാർ നീതിയുറപ്പാക്കുമെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ഇന്ത്യയെ കാനഡ ബന്ധപ്പെടുത്തിയശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
ഖലിസ്താൻപതാകയുമായെത്തിയ പ്രക്ഷോഭകാരികൾ ഞായറാഴ്ചയാണ് ബ്രാംറ്റണിലെ ക്ഷേത്രത്തിൽ കൈയാങ്കളി നടത്തിയത്. കൈയും വടിയുമുപയോഗിച്ച് ആളുകൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ നയതന്ത്രകാര്യാലയം ഹിന്ദുസഭാക്ഷേത്രത്തിൽ നടത്തുന്ന പരിപാടി ഇക്കാരണത്താൽ തടസ്സപ്പെട്ടു.
ഇതിനുപിന്നാലെ ഇത്തരം ആക്രമണങ്ങളിൽനിന്ന് എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കുമെന്ന് കനേഡിയൻസർക്കാർ ഉറപ്പുനൽകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ആക്രമണം അംഗീകരിക്കാനാകില്ലെന്നും കാനഡയിലെ എല്ലാ പൗരർക്കും സുരക്ഷിതമായി വിശ്വാസമാചരിക്കാനുള്ള അവകാശമുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.