പരിയേറും പെരുമാൾ താരം നെല്ലൈ തങ്കരാജ് അന്തരിച്ചു
ചെന്നൈ: നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനാവുന്നത്.
പരിയേറും പെരുമാളിന്റെ അണിയറപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘നിങ്ങളുടെ കാലടിപ്പാടുകൾ എന്റെ അവസാനചിത്രം വരെ നിലനിൽക്കും’ എന്നാണ് സംവിധായകൻ മാരി സെൽവരാജ് ട്വീറ്റ് ചെയ്തത്. പരിയേറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായകന്റെ അച്ഛൻ വേഷം സിനിമാ പ്രേമികളിൽ ഏറെ നൊമ്പരമുണർത്തിയിരുന്നു. ഒരു തെരുവ് നർത്തകനായാണ് അദ്ദേഹം വേഷമിട്ടത്. മകന്റെ സഹപാഠികളാൽ തെരുവിൽ പട്ടാപ്പകൽ അപമാനിക്കപ്പെടുന്ന പിതാവിന്റെ വേഷം തങ്കരാജിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു.
ഏതാനും മാസങ്ങൾക്കമുമ്പാണ് സ്വന്തമായി നല്ലൊരു വീട് എന്ന സ്വപ്നം തങ്കരാജിന് സാക്ഷാത്ക്കരിച്ചത്. നെല്ലൈ ജില്ലാ ഭരണകൂടവും പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയനും ചേർന്നാണ് അദ്ദേഹത്തിന് വീട് നിർമിച്ചു നൽകിയത്. തിരുനെൽവേലി ജില്ലാ കളക്ടറാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്.