ഛഡീഗഡ്: ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് നാല് വിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. സാം കറന്റെ (63) അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ലിയാം ലിവിംഗ്സ്റ്റണ്‍ (21 പന്തില്‍ പുറത്താവാതെ 38) നിര്‍ണായക പിന്തുണ നല്‍കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ, പഞ്ചാബ് തങ്ങളുടെ ബൗളിംഗ് പ്രകനടത്തിന് മുന്നില്‍ പിടിച്ചുക്കെട്ടാനായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അഭിഷേക് പോറല്‍ (10 പന്തില്‍ പുറത്താവാതെ 32) നടത്തിയ പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (18) നിരാശപ്പെടുത്തി. നാലാമനായിട്ടാണ് താരം ക്രീസിലെത്തിയിരുന്നത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന്റെ തുടക്കം നന്നായില്ല. 3.5 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രം ഉണ്ടായിരിക്കക്കെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (22), ജോണി ബെയര്‍സ്‌റ്റോ (9) എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. തുടര്‍ന്ന് പ്രഭ്‌സിമ്രാന്‍ സിംഗ് (26) – കറന്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ പ്രഭ്‌സിമ്രാനെ പുറത്താക്കി കുല്‍ദീപ് യാദവ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി.
ജിതേശ് ശര്‍മയ്ക്ക് (9) തിളങ്ങാനായതുമില്ല. 19-ാം ഓവറില്‍ കറനേയും ശശാങ്ക് സിംഗിനേയും (0) പുറത്താക്കി ഡല്‍ഹിയെ ഖലീല്‍ അഹമ്മദ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഹര്‍പ്രീത് ബ്രാറിനെ () കൂട്ടുപിടിച്ച് ലിവിംഗ്‌സറ്റണ്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഖലീലിനെ കൂടാതെ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി.
നന്നായിട്ടാണ് ഡല്‍ഹി തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 20) – ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29) സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഹോപ്പ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ നല്ല രീതില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന വാര്‍ണറെ ഹര്‍ഷല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതിനിടെ ഹോപ്പും മടങ്ങി. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്.
മധ്യനിര താരങ്ങളായ പന്ത്, റിക്കി ഭുയി (3), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ ആറിന് 128 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ വാലറ്റത്ത് അക്‌സര്‍ പട്ടേലിന്റേയും (13 പന്തില്‍ 23), അഭിഷേകിന്റേയും നിര്‍ണായക പ്രകടനം ഡല്‍ഹിക്ക് ഗുണമായി. 18-ാം ഓവറിന്റെ ആദ്യ പന്തില്‍ അക്‌സര്‍ റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ഡല്‍ഹിക്ക് ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞേനെ.
ഹര്‍ഷല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് അടിച്ചെടുത്ത് അഭിഷേക് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സുമിത് കുമാര്‍ (2), കുല്‍ദീപ് യാദവ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒമ്പത് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.