കോഴിക്കോട് : കോഴിക്കോട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ കെ.കെ.ഷമീന ഇപ്പോൾ നാടിന്റെ ഹീറോ ആണ്. കഴിഞ്ഞദിവസം കുറ്റ്യാടിയിൽ വച്ച് സംഭവിക്കേണ്ട വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത് ഷമീനയുടെ മനസ്സാന്നിദ്ധ്യം ഒന്നു മാത്രമാണ്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു കുറ്റ്യാടി ജംഗ്ഷനിൽ വെച്ച് ഷമീന ദൈവത്തിന്റെ കൈ ആയി മാറിയത്.
കോഴിക്കോട്ടുനിന്നു തൊട്ടിൽപാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ ജീവൻ രക്ഷിച്ചപ്പോൾ ഷമീന ആ ബസ്സിലെ യാത്രക്കാർക്ക് കൂടിയായിരുന്നു ജീവിതം തിരികെ കൊടുത്തത്. കുറ്റ്യാടി ടൗൺ ജംക്‌ഷനിലെ വളവിൽ വെച്ച് ഷമീന യാത്ര ചെയ്തിരുന്ന ബസിന്റെ ഡോർ തുറന്നു ഡ്രൈവർ പുറത്തേക്ക് തെറിക്കുകയായിരുന്നു.
എന്നാൽ ഒരൊറ്റ നിമിഷം പോലും ചിന്തിക്കാതെ ഷമീന ചാടി ഡ്രൈവറുടെ കൈ പിടിച്ചു വലിച്ചു ബസ്സിലേക്ക് കയറ്റി. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന വലിയൊരു അപകടത്തിൽ നിന്നുമാണ് ഷമീന യാത്രക്കാർക്കും ഡ്രൈവർക്കും രക്ഷകയായത്.
റോഡിന്റെ ശോചനീയാവസ്ഥ ആണ് ഇത്തരത്തിൽ ഒരു അപകടം നടക്കുന്നതിന് കാരണമായത്. കുണ്ടിലും കുഴിയിലും വീണുകൊണ്ട് സഞ്ചരിക്കുന്നതിനിടയിൽ ആയിരുന്നു ബസ്സിന്റെ ഡോർ തുറന്ന് ഡ്രൈവർ തെറിച്ചു വീഴാൻ പോയത്.
തകർന്നു കിടക്കുന്ന റോഡിലെ കുഴികൾ നികത്താൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാർക്കും പരാതി ഉള്ളത്. ഷമീനയുടെ കഴിഞ്ഞ ദിവസത്തെ ഇടപെടൽ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തവാർത്ത തന്നെ ഇന്ന് മലയാളികൾക്ക് കേൾക്കേണ്ടി വരുമായിരുന്നു.