വളാഞ്ചേരി:വളാഞ്ചേരിയിൽ വില്പനയ്ക്കായി കടയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ബസ് സ്റ്റാൻഡ് സമീപം പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിച്ചു വരുന്ന കെ പി സ്റ്റോർസ് എന്ന സ്ഥാപനത്തിൽ നിന്നാണ് അഞ്ഞൂറോളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്.
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ എ എസിൻ്റെ നിർദ്ദേശാനുസരണം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശോധന നടപടികളുടെ ഭാഗമയാണ് വളാഞ്ചേരിയിലെ കടയിൽ നിന്ന് മറ്റു സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 15 പാക്കറ്റുകൾ അടങ്ങുന്ന 32 വലിയ പാക്കറ്റുകളിലായി 480 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വൈക്കത്തൂർ കാരപറമ്പിൽ അബ്ദു മകൻ ഇല്ല്യാസി(26)നെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷ്, എസ് ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിതരണം ചെയ്യുന്നതിനാണ് ഇയാൾ ഹാൻസ് സൂക്ഷിച്ചു വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയ സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, ജെറിഷ്, ശ്രീജ, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നഹാസ് എന്നിവരുമുണ്ടായിരുന്നു.