കോട്ടയം :16791/92 ട്രെയിന് പാലരുവി എന്ന നാമം നിർദ്ദേശിക്കുകയും ട്രെയിൻ സമയം ഷെഡ്യൂൾ ചെയ്തത് അടക്കം ശക്തമായ ഇടപെടലുകൾ നടത്തിയ ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ സമക്ഷം ഏറ്റുമാനൂരിലെ യാത്രാദുരിതം വിവരിച്ച് യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. പാലരുവി ആദ്യം പുനലൂരിൽ നിന്നായിരുന്നു സർവീസ് ആരംഭിച്ചിരുന്നത്. കോട്ടയം കഴിഞ്ഞാൽ തൃപ്പൂണിത്തുറ മാത്രമായിരുന്നു സ്റ്റോപ്പ് ഉണ്ടായിരുന്നത്. കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലും തിരുനെൽവേലി വരെ നീട്ടി ദീർഘദൂര സർവ്വീസ് ആക്കിയപ്പോഴും 4 സ്ലീപ്പർ കോച്ചുകൾ അനുവദിച്ചപ്പോൾ ജനറൽ കോച്ചുകൾ നഷ്ടപ്പെടാതെ നിലനിർത്തുന്നതിലും മുന്നോട്ട് വെച്ച നിലപാടുകളാണ് റെയിൽവേ യാത്രക്കാരുടെ ഇടയിൽ അദ്ദേഹത്തെ ജനകീയനാക്കിയത്.
പുനലൂർ – ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന് ശേഷം എറണാകുളം ഭാഗത്തേക്ക് ഒരു ട്രെയിൻ കൂടി വേണമെന്ന പാസഞ്ചേഴ്‌സിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചു കൊണ്ട് കൊടിക്കുന്നിൽ MP യുടെ ശ്രമഫലമായാണ് പാലരുവി എക്സ്പ്രസ്സ് അനുവദിക്കുന്നത്. പാലരുവി എക്സ്പ്രസ്സിന് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചപ്പോൾ റദ്ദാക്കിയ 4 ജെനറൽ കമ്പാർട്ട്മെന്റുകൾ ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതും ജനശ്രദ്ധ നേടിയതാണ്. പാലരുവിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉടനടി പരിഹാരം കണ്ടെത്തുന്നതിൽ ശ്രീ. കൊടിക്കുന്നിൽ സുരേഷ് MP വിജയിച്ചിട്ടുണ്ടെന്ന വസ്തുതയാണ് ഏറ്റുമാനൂർ പാസഞ്ചേഴ്സിനെ അദ്ദേഹത്തെ കാണാൻ പ്രേരിപ്പിച്ചത്.
തെക്കൻ കേരളത്തിൽ നിന്ന് എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന മറ്റൊരു ട്രെയിൻ കൂടി പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം ഫ്രെണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളെ അറിയിച്ചു. അതോടെ കൊല്ലം – കോട്ടയം – എറണാകുളം പാതയിലെ യാത്രാക്ലേശത്തിന് പൂർണ്ണ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാലരുവി അനുവദിച്ച സമയത്ത് ഏറ്റുമാനൂർ പ്ലാറ്റ് ഫോം അനുകൂലമല്ലാത്തതിനാൽ സ്റ്റോപ്പ് നിഷേധിക്കപ്പെടുകയായിരുന്നു. നിലവിൽ 2 ഐലൻഡ് പ്ലാറ്റ് ഫോമുകൾ അടക്കം 4 എണ്ണം പ്രവർത്തനയോഗ്യമാണ്. സ്റ്റേഷൻ നവീകരിച്ചതും മറ്റുമുള്ള വികസന വിവരങ്ങൾ സതേൺ റെയിൽവേ, ജെനറൽ മാനേജരെ അദ്ദേഹം ഫോണിൽ അറിയിക്കുകയും പരിഗണിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അറിയിക്കുകയും ചെയ്തു.
രാവിലെ എറണാകുളം ഓഫീസ് സമയം പാലിക്കുന്ന മറ്റു ട്രെയിനുകൾ ഇല്ലാത്തതിനാലാണ് പാലരുവിയ്ക്ക് ഇത്രയും ആവശ്യം ഉയരുന്നത്.