KeralaNews

794 മുറി! 11 നില; ലഹരി പാര്‍ട്ടി നടന്ന കൊര്‍ഡെലിയ കപ്പലില്‍ കൊട്ടാര സമാന സൗകര്യങ്ങള്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്ന ലഹരി പാര്‍ട്ടി നടന്നത് ഒഴുകുന്ന ആഡംബര കൊട്ടാരത്തില്‍. 794 റൂമുകളുള്ള, ഫൈവ്‌സ്റ്റാറിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് ലഹരി പാര്‍ട്ടി നടത്തിയ കൊര്‍ഡെലിയ (രീൃറലഹശമ). മുംബൈ -കൊച്ചി സര്‍വിസും ഇവര്‍ നടത്തുന്നുണ്ട്.

അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്റെ പഴയ ക്രൂയിസ് കപ്പലാണിത്. പക്ഷേ, എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ഫിറ്റ്‌നസ് ഏരിയ, പ്ലേയിങ് ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങള്‍, കാസിനോ, തിയറ്ററുകള്‍ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തിലുണ്ട്. സെല്‍റ്റിക് ഭാഷയില്‍ കടലിന്റെ മകളെന്നാണ് ‘കൊര്‍ഡെലിയ’യുടെ അര്‍ത്ഥം.

1800 യാത്രക്കാരെ വഹിക്കാന്‍ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികള്‍ക്കായുള്ള വലിയ പ്ലേ ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഐ.ആര്‍.സി.ടി.സിയാണ് കൊര്‍ഡെലിയ ക്രൂയിസ് കപ്പല്‍ സര്‍വിസ് ഓപറേറ്റ് ചെയ്യുന്നത്. രണ്ട് രാത്രിയും ഒരു പകലും നീളുന്ന കപ്പല്‍ യാത്രക്ക് മുംബൈയില്‍ നിന്ന് 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൊച്ചിയില്‍നിന്ന് 30,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.

ലഹരി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആഡംബര കപ്പലായ കൊര്‍ഡെലിയ സി.ഇ.ഒ ജുര്‍ഗെന്‍ ബായ്‌ലോം അറിയിച്ചു. ചില യാത്രക്കാരുടെ ബാഗേജില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ കപ്പലില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പല്‍ വൈകിയതില്‍ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു.

ലഹരി പിടികൂടിയ ‘ക്രേ ആര്‍ക്ക്’ എന്ന ഡി.ജെ പാര്‍ട്ടി നടത്തിയത് ഫാഷന്‍ ടി.വി. മിയാമിയില്‍ നിന്നുള്ള ഡി.ജെ സതാന്‍ കോലേവ്, ബുല്‍സിയ ബ്രോണ്‍കോട്ട്, ദീപേഷ് ശര്‍മ്മ എന്നിവരുടെ പരിപാടികള്‍ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്.

രണ്ടാം ദിവസം ഒരു മണി മുതല്‍ എട്ട് മണി വരെ ഐവറികോസ്റ്റില്‍ നിന്നുള്ള ഡി.ജെ റാവോല്‍ കെ, ഇന്ത്യയില്‍ നിന്നുള്ള ഡി.ജെ കോഹ്‌റ, മൊറോക്കന്‍ കലാകാരന്‍ കയാസയും പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാല്‍, പാര്‍ട്ടി തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ രഹസ്യവിവരത്തെ എന്‍.സി.ബി സംഘം കപ്പല്‍ റെയ്ഡ് ചെയ്യുകയായിരുന്നു.

മുംബൈയില്‍ നിന്നും ഗോവയിലേക്ക് യാത്രതിരിച്ച കപ്പലില്‍ നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ എട്ട് പേരാണ് ഇതിനകം അറസ്റ്റിലായത്. എം.ഡി.എം.എ, എകാസ്‌റ്റേ, കൊക്കൈയ്ന്‍, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാര്‍ട്ടിയില്‍ പങ്കാളികളായിരുന്നത്. തുടര്‍ന്ന് നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ എന്‍.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കോടിക്കണക്കിന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker