KeralaNationalNews

ലെബനീസ് അതിർത്തിയിൽ ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചു; ഇസ്രയേലിൻ്റേത് സങ്കീർണ ആക്രമണം

ബെ യ്റൂട്ട്’ : ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനീസ് അതിർത്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിനുപിന്നാലെ, ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനപരമ്പര മുമ്പ് കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം.

ആക്രമണത്തിന് പൂർണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവർക്ക് തക്കശിക്ഷ നൽകുമെന്നും പറഞ്ഞു. ഇസ്രയേൽ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെൽഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള മുന്നറിയിപ്പ് നൽകിയിരുന്നു. അതാണ് പേജർ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

ഇത്രയും വിപുലമായരീതിയിൽ ഒരേസമയം ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്നിയർ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കിൽ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളിൽതന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാൻ.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. അങ്ങനെയെങ്കിൽ ഇറാൻ വിതരണംചെയ്ത പേജറുകളിൽ തിരിമറി നടത്താൻ ഇസ്രയേലിനു കഴിഞ്ഞിരിക്കണം. ഉയർന്ന സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കുറഞ്ഞ അളവിൽ പേജറുകളിൽ നിറയ്ക്കണം. ഒന്നുമുതൽ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറിൽ നിറയ്ക്കാനാവുക.

ആയിരക്കണക്കിന് പേജറുകളിൽ ഇത്തരത്തിൽ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാൽ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകൾ പ്രവർത്തനക്ഷമവുമായിരിക്കണം. ഇവയ്ക്കൊക്കെയുമായി വലിയ ആൾശക്തിയും ഇസ്രയേൽ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം.

സൈബർ ആക്രമണമാണെങ്കിൽ ഒരേകമ്പനിയുടെ പേജറുകൾ ഒരേസമയം പ്രവർത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തെക്കൻ ലെബനൻ, ബെകാവാലി, ബയ്‌റുത്ത്, സിറിയൻ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളിൽ ഒരേസമയം ബാറ്ററികൾ പൊട്ടിത്തെറിച്ചത് അട്ടിമറിയാണെന്ന് കരുതാൻ കാരണങ്ങളേറെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker