KeralaNews

പത്മപ്രിയ അന്ന് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി ഭാ​ഗ്യലക്ഷ്മി

കൊച്ചി:ഡബ്ബിം​ഗ് ആർട്ടിസ്റ്റ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ഭാ​​ഗ്യലക്ഷ്മി. തൊണ്ണൂറുകളിൽ മലയാള സിനിമകളിലുണ്ടായ പല ശ്രദ്ധേയ നായികാ കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ഭാ​ഗ്യലക്ഷ്മിക്കാണ്. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് സിനിമകളിൽ പലതിലും ഡബ് ചെയ്തത് ഭാ​ഗ്യലക്ഷ്മിയാണ്. ഭാ​ഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് വൻ ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. വെട്ടം സിനിമയിലെ വീണ, ചന്ദ്രലേഖയിലെ ലേഖ എന്നീ നായികാ കഥാപാത്രങ്ങളുടെ ശബ്ദം ഭാ​ഗ്യലക്ഷ്മിയുടേതാണ്.

ഇപ്പോഴിതാ ഡബ്ബിം​ഗ് മേഖലയിലെ അനുഭവം പങ്കുവെച്ച് കൊണ്ട് ഭാ​ഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉർവശി, പത്മപ്രിയ എന്നീ നടിമാരെക്കുറിച്ചാണ് ഭാ​ഗ്യലക്ഷ്മി സംസാരിച്ചത്. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ ശബ്ദത്തിന് പകരം സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് നൽകാൻ ഒരുഘട്ടത്തിൽ ഉർവശി തീരുമാനിച്ചിരുന്നു. ഇതിനെ ഭാ​ഗ്യലക്ഷ്മി പ്രശംസിക്കുന്നു.

ഉർവശി കാണിച്ചതാണ് ഏറ്റവും തന്റേടമുള്ള പ്രവൃത്തി. ഉർവശിക്ക് ഞാനായിരുന്നു ഏറ്റവും കൂടുതൽ ഡബ് ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ അവരുടെ ചില വാക്കുകൾ എനിക്ക് യോജിക്കാൻ പറ്റാത്തത് കൊണ്ട് ഇനി ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാൻ മാറി നിന്നു. മറ്റ് പലരും ഡബ് ചെയ്തപ്പോൾ അതിലും ഭേദം സ്വന്തമായി ഡബ് ചെയ്യുന്നതാണെന്ന് ഉർവശിക്ക് തോന്നി. അവർ സ്വന്തമായി ഡബ് ചെയ്തു. അത് അന്തസുള്ള പ്രവൃത്തിയായാണ് എനിക്ക് തോന്നിയത്.

അതേസമയം പത്മപ്രിയ ഒരിക്കൽ പറഞ്ഞത് അവർക്ക് പല സിനിമയിലും പലരും ശബ്ദം കൊടുത്തിട്ടുണ്ട്, ചിലരുടെ ഡബിം​ഗ് കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയിട്ടുണ്ടെന്നാണ്. ഡബിം​ഗ് ആർട്ടിസ്റ്റുകൾ ഒറ്റക്കെട്ടായി സമരം ചെയ്തു. ഇനി അവർക്ക് ശബ്ദം കൊടുക്കില്ലെന്ന് പറഞ്ഞു. അതോടെ അവർ മാപ്പ് പറയുകയും പിന്നീട് അവർക്ക് ശബ്ദം കൊടുക്കുകയും ചെയ്തു. പത്മപ്രിയ അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അന്ന് പല മാധ്യമങ്ങളും ചോദിച്ചു.

അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷെ അവർക്ക് ഭാഷ അറിയണം. മലയാളം ഉച്ചരിക്കാൻ പോലും അറിയാത്ത ആൾ മലയാളത്തിൽ ഡബ് ചെയ്തത് ശരിയല്ല എന്ന് പറയണമെങ്കിൽ അവർക്ക് സ്വന്തമായി ശബ്ദം കൊടുക്കാൻ സാധിക്കണം. എനിക്ക് അവരുടെയൊന്നും ശബ്ദം ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ‌ സ്വന്തമായി ശബ്ദം കൊടുത്തു എന്ന് പറയുമ്പോഴാണ് അത് കുറേക്കൂടി ബഹുമാന്യമാകുകയെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി.

അഭിമുഖത്തിൽ ഡബ്ല്യുസിസി സംഘടനയെ വിമർശിച്ചും ഭാ​ഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലും ഹൈറാർക്കി ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവരോട് പരാതി പറയാൻ സാധിക്കില്ല. അവർ വലിയ ആളുകളാണ്. അറിയാത്ത നമ്പറുകളിൽ നിന്നും കോൾ വന്നാൽ എടുക്കില്ല. ഡബ്ല്യുസിസിയിലെ അം​ഗങ്ങളാരും തന്നോട് പൊതു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. പലപ്പോഴും തന്നെ മാറ്റി നിർത്തുകയാണ് ചെയ്തതെന്നും ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker