മലപ്പുറം:പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂർ എം എൽ എ പിവി അൻവർ. അൻവറിന്റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് കൂടിക്കാഴ്ച. എന്നാൽ രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്ന് ഇരുവരും പ്രതികരിച്ചു. വനഭേദഗതി നിയമത്തിൽ അൻവർ ഉയർത്തുന്ന ആവശ്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിന് പിന്തുണ നൽകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പ്രതികരിച്ചു.
‘ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്താറുണ്ട്. ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞാണ് അൻവർ വന്നത്. ചായ കുടിച്ച് അൻവർ മടങ്ങി, മറ്റൊന്നും ഉണ്ടായിട്ടില്ല. മലയോര ജനതയുടെ വിഷയത്തിൽ മനുഷ്യത്വപരമായ നിലപാട് ഉണ്ടായിരിക്കണം. വന നിയമഭേദഗതി സംബന്ധിച്ച് സർക്കാർ പുനഃരാലോചിക്കണം. അത് അൻവറിന്റെ ആവശ്യമല്ല, ജനങ്ങളുടെ ആവശ്യമാണ്.
അൻവറിനെ യു ഡി എഫിലേക്ക് എടുക്കണോയെന്നത് സംബന്ധി മുന്നണി വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. യു ഡി എഫ് അധികാരത്തിൽ വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി യു ഡി എഫ് അധികാരത്തിലില്ല. ഇനിയും യു ഡി എഫിന് അധികാരത്തിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കില്ല. അതിന് എന്തെല്ലാം ചെയ്യണം അതെല്ലാം യു ഡി എഫ് ചെയ്യും. അത് ഞങ്ങളുടെ കടമാണ്. /യു ഡി എഫിനെ ശക്തിപ്പെടുത്തുന്നതിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. അൻവർ മാത്രമല്ല വിഷയം. എല്ലാം യു ഡി എഫ് ആലോചിച്ച് ചർച്ച ചെയ്യും’, അദ്ദേഹം പറഞ്ഞു.
പാണക്കാട് എല്ലാവരുടേയും അത്താണിയാണന്നായിരുന്നു അൻവറിന്റെ പ്രതികരണം. ‘മലയോര ജനങ്ങൾക്ക് വേണ്ടി തങ്ങളുടെ ധാർമിക പിന്തുണ തേടി എത്തിതാണ്. രാഷ്ട്രീയം കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടില്ല. നിയമസഭയിൽ വരാനിരിക്കുന്ന വനനിയമഭേദഗതിയെ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. അതിനാൽ യു ഡി എഫിലെ പ്രധാന ഘടകക്ഷി എന്ന നിലയിൽ മുസ്ലീം ലീഗിന്റെ പിന്തുണ തേടാനാണ് വന്നത്.
എനിക്ക് യു ഡി എഫ് നൽകിയ പിന്തുണയിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഉടൻ തന്നെ പ്രതിപക്ഷ നേതാവിനേയും മറ്റ് കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തിരുമേനിമാരേയും കർഷക സംഘടനകളേയും കാണും. വിഷയത്തിൽ ഒരു സമന്വയം ഉണ്ടാക്കാനാണ് ശ്രമം. പിണറായി സർക്കാരിനെ താഴെയിറക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമാണ് ഉള്ളത്. യുഡിഎഫിൽ എന്നെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നതൊക്കെ മുന്നണി ചർച്ച ചെയ്ത് എടുക്കേണ്ട തീരമാനമാണ്’, അൻവർ വ്യക്തമാക്കി.