KeralaNews

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സഹായിച്ചു; വെളിപ്പെടുത്തലുമായി പി.വി അന്‍വര്‍

മലപ്പുറം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയടക്കം സഹായം തനിക്ക് ലഭിച്ചെന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. നിലമ്പൂരില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം അറിയണമെങ്കില്‍ ബി.ജെ.പിയുടെ വോട്ട് പരിശോധിച്ചാല്‍ മതി.

സംസ്ഥാനത്ത് 120 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിക്കേണ്ടതായിരുന്നു. ആ ജനവിധി അട്ടിമറിച്ചത് വര്‍ഗീയ ശക്തികളായ മുസ്‌ലിം തീവ്രവാദികളുടെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകള്‍ യു.ഡി.എഫ് വാങ്ങിക്കൊണ്ടാണ്. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചതും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതും ഇതിന്റെ ഉദാഹരണമാണ്. നിലമ്പൂരില്‍ ബി.ജെ.പിയുടെ 8000 വോട്ട് യു.ഡി.എഫിന് ലഭിച്ചു. അതിനെയെല്ലാം മറികടന്നാണ് നിലമ്പൂരിലെ തന്റെ വിജയം.

മന്ത്രിസഭയില്‍ അംഗമാകാനല്ല മത്സരിച്ചത്. മത്സരിക്കുക, പെട്ടെന്ന് മന്ത്രിയാകുക എന്നത് യു.ഡി.എഫ് സംസ്‌കാരമാണ്. ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്നുമാണ്. അങ്ങനെയൊരു ചോദ്യം എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് ഒരിക്കലും ഉയരില്ല. നാടിന്റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തന്നെ നിയോഗിച്ചത്. ആ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ടയാളാണ് താന്‍.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. വ്യക്തിപരമായി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവര്‍ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്പൂരിലെ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ സഹായിച്ചാണ് താന്‍ വിജയിച്ചത്. അതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമുണ്ടാകും.

രാഷ്ട്രീയം കച്ചവടമാക്കിയവരാണ് യു.ഡി.എഫ് നേതാക്കള്‍. തനിക്ക് രാഷ്ട്രീയം കച്ചവടമല്ല. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കേരളത്തില്‍ കച്ചവടം ചെയ്യാന്‍ എതിരാളികള്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ആഫ്രിക്കയല്ല, അന്റാര്‍ട്ടിക്കയിലാണെങ്കിലും പോയി കച്ചവടം ചെയ്യും. അത് തന്റെ വ്യക്തിപരാമയ ആവശ്യമാണ്.

തന്റെ കച്ചവടമൊന്നും വികസനത്തെ ബാധിച്ചിട്ടില്ലെന്ന തെളിവാണ് ജനവിധി. 700 കോടി രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നമ്പര്‍ വണ്‍ വികസനം വരുന്ന മണ്ഡലമാക്കി നിലമ്പൂരിനെ മാറ്റും. ജില്ല ആശുപത്രിയുടെ വികസനമാണ് പ്രഥമ പരിഗണന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും -പി.വി. അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker