KeralaNews

മാമി തിരോധാനത്തിൽ അജിത് കുമാറിന്റെ കറുത്ത കൈകൾ, ഒളിഞ്ഞും തെളിഞ്ഞും പങ്ക്: പി.വി അൻവർ

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദി( മാമി- 56)ന്റെ തിരോധാനത്തില്‍ എ.ഡി.ജി.പി. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. മാമി തിരോധാനത്തില്‍ എം.ആര്‍. അജിത് കുമാറിന്റെ കറുത്ത കൈകള്‍ ദൃശ്യമാവുന്നുണ്ട്. അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'മാമി ഭൂമിയില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതാണോ ക്രമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. നാടും സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന, ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏതെങ്കിലുമൊരു കോണില്‍നിന്ന് ഒരു സൂചനയെങ്കിലും നമുക്ക് കിട്ടുമല്ലോ. ഒരു സൂചനയും കിട്ടാത്തതിന്റെ അടിസ്ഥാനത്തില്‍, സ്വാഭാവികമായും ഒരു മനുഷ്യനുണ്ടാവുന്ന സാമാന്യബുദ്ധിയുടെ ഭാഗമായി മാമി കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് ഞാന്‍ ഇപ്പോഴും സംശയിക്കുന്നു', അന്‍വര്‍ പറഞ്ഞു.

''സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ടുമക്കളാണ്. അജിത് കുമാര്‍ ഏട്ടനാണ്. കള്ളനും കള്ളനൊപ്പം കക്കുകയും പിന്നെ ഛര്‍ദിക്കുകയും ചെയ്ത ടീമുകളാണ്. കടലില്‍ വീണവന്‍ രക്ഷിക്കാന്‍ എല്ലാ വഴിയും നോക്കില്ലേ, ആ വഴിതേടിയാണ് നാലുദിവസം അജിത് കുമാര്‍ ലീവെടുത്തത്‌''- അദ്ദേഹം ആരോപിച്ചു.

'മാമി തിരോധാനത്തിനു പിന്നിലെ ദുരൂഹത എന്തായിരിക്കാം എന്ന സംശയം എനിക്കുണ്ട്. കേസിനെ ബാധിക്കുന്നതായതിനാല്‍ ഇപ്പോള്‍ പറയുന്നില്ല. എന്റെ തോന്നലുകളും കിട്ടിയ തെളിവുകളും സൂചനാത്തെളിവുകളും മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് ഐ.ജിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ ഡിജിപിക്കും കൈമാറും. ക്രൈംബ്രാഞ്ച് അന്വേഷണം കഴിയുന്നത് വരെയെങ്കിലും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും കാത്തിരിക്കണം. തത്കാലം സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തില്‍ മുന്നോട്ടില്ലെന്ന് ഹൈക്കോടതിയില്‍ പറയണം. സി.ബി.ഐ. വന്നതുകൊണ്ട് കേസ് തെളിയുമെന്ന് വിശ്വസിക്കുന്നില്ല. സി.ബി.ഐയെ തള്ളിപ്പറയുകയല്ല, പക്ഷേ അജിത് കുമാറിനും സംഘത്തിനും സി.ബി.ഐ. അടക്കമുള്ള മേഖലകളില്‍ വ്യക്തിപരമായ ബന്ധമുണ്ട്', അന്‍വര്‍ പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങളില്‍ ഇനി പ്രതികരണമില്ല. താനുന്നയിച്ച വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സിയെ സഹായിക്കുന്ന തെളിവുകള്‍ നല്‍കുന്ന ആളുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രമിനലാണെന്ന് ആവര്‍ത്തിച്ച് പറയുന്നു. ഉത്തരവാദിത്തത്തോടെയാണ് കേരളത്തിലെ ഒരു എ.ഡി.ജി.പിയെ നൊട്ടോറിയസ് ക്രമിനില്‍ എന്ന് വിളിക്കുന്നത്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്മാര്‍ സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ അദ്ദേഹം നൊട്ടോറിയസ് ക്രിമിനല്‍ ആണെന്ന് കേരളം കണ്ടിരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker