KeralaNews

പിണറായിസത്തെ തകർക്കുക ലക്ഷ്യം, യുഡിഎഫുമായി കൈകോർക്കും, ഇനി കൂട്ടായ പോരാട്ടം- ജയിൽ മോചനത്തിന് പിന്നാലെ അൻവറിൻ്റെ പ്രതികരണം

നിലമ്പൂര്‍: ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ തനിക്ക് ധാര്‍മിക പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്ക് നന്ദിപറഞ്ഞ് പി.വി. അന്‍വര്‍ എം.എല്‍.എ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫിനൊപ്പം കൈകോര്‍ത്ത് മുന്നോട്ടുപോവുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

‘കേരളത്തിലെ പൊതുസമൂഹവും മുഴുവന്‍ മനുഷ്യരും യു.ഡി.എഫ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ധാര്‍മിക പിന്തുണ നല്‍കി എന്നതാണ് വിഷയത്തില്‍ എനിക്ക് ആശ്വാകരമായത്.

താമരശ്ശേരി- ബത്തേരി ബിഷപ്പ്, സി.പി. ജോണ്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഉള്‍പ്പെടെ പലരും വിഷയാധിഷ്ടിതമായി പിന്തുണച്ചു. ഞാന്‍ നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയ്യാറായാണ് വന്നത്. വീട്ടുകാരോടൊക്കെ അത് പറഞ്ഞിട്ടാണ് വന്നത്. ജുഡീഷ്യറിയില്‍നിന്ന് നീതി കിട്ടുമെന്നാണ് കണക്കാക്കിയിരുന്നത്, അത് ലഭിച്ചു’, ജയിലിന് പുറത്ത് അന്‍വര്‍ പറഞ്ഞു.

‘പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് തിരിച്ചടി മാത്രമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. സി.പി.എം. അധികാരത്തില്‍ വരാതിരിക്കുന്നതിനുള്ള കരാറാണ് കേന്ദ്ര ആര്‍.എസ്.എസ്. നേതൃത്വവുമായി അദ്ദേഹം ഉണ്ടാക്കിയിരക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന്റെ പിന്തുണയെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു, നന്ദി പറയുന്നു. ഇതുവരെ ഒറ്റയാള്‍ പോരാട്ടമായിരുന്നു നടത്തിക്കൊണ്ടിരുന്നത്. പിണറായിയുടെ ദുര്‍ഭരണത്തിനും ഭരണകൂട ഭീകരതയ്ക്കും ന്യൂനപക്ഷവിദ്വേഷത്തിനും ഗൂഢാലോചനയക്കുമെതിരെ യു.ഡി.എഫുമായി കൈകോര്‍ത്ത് ഒറ്റക്കെട്ടായി നിന്ന് പിണറായിസത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിനായിരിക്കും തന്റെ പിന്തുണ.

സി.പി.എം. സമരം എന്താണെന്നത് മറന്നുപോയി. ഭരണത്തിന്റെ ശീതളച്ഛായയില്‍ മുന്നോട്ട് തഴുകി ഒഴുകുകയാണ്. അപ്പോള്‍ അവര്‍ക്ക് സമരം അരോചകമായി തോന്നും. ഇനി ഒറ്റയാള്‍ പോരാട്ടമല്ല. ഇനി കൂട്ടായുള്ള പോരാട്ടമാണ്. അതിന് വ്യക്തിപരമായി എന്ത് കോംപ്രമൈസിനും തയ്യാറാണ്. പറഞ്ഞത് ഇരുമ്പുലക്കയാണെന്ന് വിചാരിച്ച് നടക്കാന്‍ പറ്റുന്ന കാലമല്ല. ശത്രുവിനെ തകര്‍ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വി.ഡി. സതീശന്‍ എന്നെ തള്ളിപ്പറഞ്ഞു എന്ന അഭിപ്രായം അന്നുമില്ല. അദ്ദേഹം എന്നെ അന്നും തള്ളിപ്പറഞ്ഞിട്ടില്ല, ഇന്നും പറഞ്ഞിട്ടില്ല. നാളെ ഞങ്ങള്‍ കാണേണ്ടവരാണ്, ഒരുപക്ഷേ ഒരുമിച്ച് നീങ്ങേണ്ടവരാണ്. അത് അദ്ദേഹത്തിനും എനിക്കും അറിയാം. പിണറായിസത്തെ താഴയിറക്കുക എന്ന ഒറ്റമുദ്രാവാക്യമേ പി.വി. അന്‍വറിനുള്ളൂ.

ആ മുദ്രാവാക്യത്തിന് യു.ഡി.എഫില്‍ ആരോടൊപ്പം എങ്ങനെ ചേര്‍ന്ന് നിന്ന് മുന്നോട്ടുപോകണോ അങ്ങനെ മുന്നോട്ട് പോകും. പിണറായിസത്തെ തകര്‍ക്കാന്‍ ഇവിടെ മുന്നിലുള്ളത് യു.ഡി.എഫും പ്രതിപക്ഷവുമാണ്. അവരോട് സഹകരിച്ച് എന്റെ ശക്തികൂടെ അതിന് പകരുന്ന നിലപാടാണ് സ്വീകരിക്കുക’, അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker