പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും
മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന സൂചനകളുണ്ടായിരുന്നു. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് പി.വി. അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപവത്കരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെയിലേക്കുള്ള അൻവറിന്റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങൾക്ക് ഇതു കരുത്തുപകരുമെന്നും റിപ്പോർട്ടുകളുണ്ട്.