NationalNews

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു അന്‍വര്‍. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്.

ഡിഎംകെയിലെ ചേരുന്നതിന്റെ ഭാഗമായി ചെന്നൈയിലെത്തി നിലമ്പൂര്‍ എംഎല്‍എ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. അന്‍വറിന്റെ മകനും പിതാവിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ രംഗത്തുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പ്രമുഖ ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ള നേതാക്കളുമായി അന്‍വറിന്റെ മകന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച്, ഇന്ത്യാ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച്ച വൈകീട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായേക്കും. പൊതുയോഗത്തില്‍ ഡിഎംകെയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. എന്നാല്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഡിഎംകെയുടെ ഭാഗമാകുന്നതോടെ അന്‍വര്‍ ഇന്ത്യ മുന്നണിയുടെയും ഭാഗമാകും. ദക്ഷിണേന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് ഡിഎംകെയുമായി ചേരാന്‍ അന്‍വര്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. നേരത്തെയും ഇത്തരമൊരു പദ്ധതി അന്‍വറിനുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

അതേസമയം ഡിഎംകെ ഇടതുപക്ഷവുമായും കോണ്‍ഗ്രസുമായും നല്ല ബന്ധം സൂക്ഷിക്കുന്ന പാര്‍ട്ടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ വളരെ അടുത്ത ബന്ധവുമുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ ഭാഗമാണ് സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും. ദേശീയ തലത്തിലും ഇവര്‍ ഒരുമിച്ചാണ്.

തമിഴ്‌നാട് മുസ്ലീം ലീഗിന്റെ ചില നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അന്‍വറിന്റെ വരവ് ഡിഎംകെയ്ക്കാണ് നേട്ടമാവുക. കേരളത്തില്‍ ഒരു സുപ്രധാന നേതാവില്ലാത്തതിനാല്‍ വേരുറപ്പിക്കാന്‍ ഡിഎംകെയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അന്‍വറിന്റെ വരവോടെ കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഡിഎംകെയ്ക്ക് സാധിക്കും. അങ്ങനെ സാധിച്ചാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാവാനും ഡിഎംകെയ്ക്ക് സാധിക്കും.

നേരത്തെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളാണ് എല്‍ഡിഎഫുമായി ഇടയാന്‍ കാരണമായത്. സിപിഎമ്മും മുന്നണിയും അന്‍വറിനെ തള്ളിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker