KeralaNews

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍വര്‍ മാപ്പുപറഞ്ഞത്.

‘നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി.

അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പി.വി അന്‍വര്‍ പറഞ്ഞു.

നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ചാണ് അന്‍വര്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ജീവിക്കാന്‍ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉള്‍പ്പടെ അന്‍വര്‍ ആരോപിച്ചു. ഈ കപ്പല്‍ മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.

‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും. അതില്‍ യാതൊരു തര്‍ക്കവുമില്ല. എന്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല’, എന്നും അന്‍വര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ഇന്നും വിമര്‍ശനം ഉയര്‍ത്തിയിരുന്നു അന്‍വര്‍. ഡിഎംകെയുടെ പതാകയുടെ നിറത്തിന് സമാനമായി കറുപ്പും ചുവപ്പും നിറത്തിലുള്ള ഷാളും ചുവപ്പ് തോര്‍ത്തും കയ്യില്‍ കരുതിയാണ് അന്‍വര്‍ എത്തിയത്. രക്തസാക്ഷികളുടെയും തൊഴിലാളികളുടെയും പ്രതീകമാണ് ഇവയെന്ന് അന്‍വര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ അന്‍വര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവര്‍ണറെ കണ്ട് പൊലീസില്‍ വിശ്വാസമില്ലെന്ന് അറിയിച്ചു’, പി വി അന്‍വര്‍ പറഞ്ഞു.

എസ്‌ഐടി അന്വേഷണം സത്യസന്ധമല്ല. ഡിജിപി നല്ല തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്. അതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ ആളുകളാണ്. സ്വര്‍ണക്കടത്ത് കേസില്‍ ആരുടേയും മൊഴി എടുത്തില്ല. എല്ലാ കാര്യങ്ങളും ഗവര്‍ണറെ ബോധിപ്പിച്ചു. ഗവര്‍ണര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. തൃശ്ശൂര്‍ പൂരം കലക്കലിലാണ് അജിത് കുമാറിനെതിരെ നടപടി. മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ എസ്‌ഐടി സമര്‍പ്പിച്ചിട്ടില്ല. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ പോകാതിരുന്നത്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെയും പി വി അന്‍വര്‍ രംഗത്തെത്തി. 45 ഓളം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി വെട്ടിയ സ്പീക്കര്‍ കവല ചട്ടമ്പിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്യേണ്ട പണിയല്ല അത്. പരസ്യകമ്പനിയോ പി ആര്‍ ഏജന്‍സിയോ ചെയ്യേണ്ട പണിയാണ് ഇതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

‘മുങ്ങാന്‍ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തന്നെ ജയിലില്‍ അടച്ചേക്കാം. എന്നെങ്കിലും തെളിവുകള്‍ എല്ലാം പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസം ആക്കും. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും’, പി വി അന്‍വര്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker