KeralaNews

സതീശന്റെയത്ര ബുദ്ധിയില്ലെങ്കിലും ഞാൻ പൊട്ടനല്ല, രാഹുൽ തോൽക്കുമെന്ന് കോൺഗ്രസിനറിയാം: അൻവർ

കോഴിക്കോട്: പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് പി.വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും എന്ന് ഇന്നലെ മനസ്സിലായത് കൊണ്ടാണ് ഇന്ന് വി.ഡി.സതീശന്‍ തനിക്കെതിരെ സംസാരിച്ചത്. സതീശന്റെയത്ര ബുദ്ധിയില്ലെങ്കിലും അത്ര പൊട്ടനല്ല താന്‍. പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരാവാദിത്വം തന്റെ തലയിലേക്ക് ഇടാനാണ് ശ്രമമെന്നും ഡി.എം.കെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഒറ്റക്കെട്ടായല്ല. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്‍ദേശിച്ചത് സരിനായിരുന്നു. ഷാഫി പോയ ഉടന്‍ സരിനോട് സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മാറ്റമുണ്ടായത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. അതിന്റെ പ്രശ്‌നങ്ങള്‍ പാലക്കാട് കോണ്‍ഗ്രസിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ല എന്നാണ് അവര്‍ നടത്തിയ പരിശോധനയില്‍ മനസ്സിലായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് സരിന്റെ ഉദ്ദേശം. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബി.ജെ.പിയിലേക്ക് പോകുകയാണ്. സി.പി.എമ്മില്‍ നിന്നും വലിയൊരു വിഭാഗം വോട്ട് ബി.ജെ.പിക്ക് പോകും. ഇതിനെല്ലാം ഉത്തരവാദി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. താന്‍ വാശി പിടിച്ച് തീരുമാനിച്ച, കോണ്‍ഗ്രസില്‍ എതിരഭിപ്രായമുള്ള സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ഇന്നലെയാണ് അദ്ദേഹത്തിന് മനസ്സിലായത്.

തന്റെ തറവാടിത്തം കാരണമാണ് പ്രതിപക്ഷ നേതാവുമായി സംസാരിച്ചത് ആരോടും പറയാതിരുന്നത്. നല്ല സന്തോഷത്തോടെയാണ് അവിടെ നിന്ന് പിരിഞ്ഞത്. രാഹുല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കാമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ആലോചിക്കാം എന്നായിരുന്നു പറഞ്ഞത്. ഇന്ന് പെട്ടെന്ന് പ്രകോപനമുണ്ടാകാന്‍ എന്താണ് കാര്യമെന്ന് അറിയില്ല. താന്‍ തിരിച്ച് മറുപടി പറയും എന്ന് അദ്ദേഹത്തിനറിയാം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തോല്‍വി തന്റെ തലയിലേക്ക് ഇട്ടുതരാനാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. ബി.ജെ.പി ജയിച്ചു എന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ തീരുമാനമല്ല വി.ഡി. സതീശന്‍ പറയുന്നത്. മാങ്കൂട്ടത്തിലിന്റെ തോല്‍വി ഡി.എം.കെയുടെ തലയിടാമെന്ന് സതീശന്‍ വിചാരിച്ചാല്‍ അദ്ദേഹം വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് മാത്രമേ പറയാനാകുകയുള്ളു. അദ്ദേഹം കണ്ടതിനേക്കാള്‍ രാഷ്ട്രീയം അന്‍വര്‍ കണ്ടിട്ടുണ്ട്. ഈയിടയായി അദ്ദേഹം ഒരുപാട് തമാശ പറയുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് പിന്തുണ കൊടുക്കാന്‍ സതീശന്റെ അച്ചാരം വേണ്ട. ആ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയും കൊടുക്കേണ്ടി വരും. ആര്‍.എസ്.എസിനെയും പിണറായിസത്തെയും ഒരുപോലെ എതിര്‍ക്കേണ്ടതാണ്. അതില്‍ കോണ്‍ഗ്രസിന് ഒരു നിലപാടുമില്ല.

കേരളത്തിലെ പല നിര്‍ണായക വിഷയത്തിലും പ്രതിപക്ഷത്തിന് ഒരു നിലപാടുമില്ല. ചേലക്കരയില്‍ വളരെ മോശം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്. അവര്‍ക്കെതിരെ മണ്ഡലത്തില്‍ വലിയ എതിര്‍പ്പുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഡി.എം.കെ മുന്നോട്ട് പോകും. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല. കണ്‍വെന്‍ഷനില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker