പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്. കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ന് പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിലാണ് നിലമ്പൂർ എംഎൽഎ പണമൊഴുക്കിയത്.
കൊടുവായൂരിൽ നിന്നെത്തിയ സ്ത്രീയാണ് തങ്ങളെ ഏജന്റ് കൊണ്ടുവന്നതാണെന്നും സിനിമാഷൂട്ടിംഗുകൾക്കൊക്കെ പോകാറുണ്ടെന്നും വ്യക്തമാക്കിയത്. അൻവറിന്റെ സംഘടനയിൽ ചേർന്നിട്ട് കുറേക്കാലമായോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുറച്ചുകാലമായിട്ടേ ഉള്ളൂവെന്നും, വേറെ ഷൂട്ടിംഗിനൊക്കെ പോകുമെന്നും നിഷ്‌കളങ്കതയോടെ മറുപടി നൽകുകയായിരുന്നു. എറണാകുളത്തൊക്കെ പോകാറുണ്ടെന്നും ഗുരുവായൂരമ്പല നടയിൽ ഷൂട്ടിംഗിന് പങ്കെടുത്തിരുന്നുവെന്നും സ്ത്രീ പറയുന്നു.
ജൂനിയർ ആർട്ടിസ്റ്റാണോ എന്ന ചോദ്യത്തിന് അല്ലെന്നും ഏജന്റ് വിളിച്ചിട്ട് വരുന്നതാണെന്നും ഇവർ പറയുന്നു. നസീമ എന്ന് പറഞ്ഞ ഏജന്റാണ് തങ്ങളെ ഏർപ്പാടാക്കിയെന്ന് സ്ത്രീ പറയുന്നു. തങ്ങൾ 15 പേരാണ് വന്നതെന്നും ഇത് പോലെ പലരും വന്നിട്ടുണ്ടെന്നും സ്ത്രീ പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യം തീരുമാനമാക്കിയിട്ടില്ലെന്നും തരുമ്പോഴെ അറിയാൻ സാധിക്കുകയുള്ളൂ എന്നും റോഡ് ഷോയിലെ സ്ത്രീകൾ പറയുന്നത്. 600 രൂപ വരെ പ്രതിഫലം ലഭിക്കാറുണ്ടെന്നും പറയുന്നു.
ഇന്നത്തെ റോഡ് ഷോയിൽ 2,000 ത്തോളം പേരെ അണിനിരത്തി ശക്തിപ്രകടനം നടത്താനായിരുന്നു അൻവറിന്റെ ലക്ഷ്യം. ഈ ആളെക്കൂട്ടൽ പണമൊഴുക്കിയാണെന്ന വിവരം പുറത്ത് വന്നതോടെ അൻവറിന് വലിയ നാണക്കേടായിരിക്കുകയാണ്. ഡി എം കെയുടെ സ്വാധീനം തെളിയിച്ചാൽ യു ഡി എഫിനോട് കൂടുതൽ ശക്തമായി വിലപേശുകയാണ് അൻവറിന്റെ ഉദ്ദേശം. കോൺഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളായ മാത്തൂരും പിരായിരിയും കേന്ദ്രീകരിച്ച് നടത്തിയ റോഡ് ഷോയിലൂടെ കോൺഗ്രസ് കുടുംബങ്ങളെ പങ്കെടുപ്പിക്കുമെന്നായിരുന്നു അൻവറിന്റെ വെല്ലുവിളി.