NationalNews

ദ്രൗപതി മുർമു രാഷ്ട്രപതി; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി മോദി,നിർഭയം ഭരണഘടന സംരക്ഷിക്കാനാകട്ടെ; അഭിനന്ദിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ

ന്യൂഡല്‍ഹി: ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രൗപതി മുർമുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി ദ്രൗപതി മുർമുവിന്റെ ദില്ലിയിലെ വീട്ടില്‍ നേരിട്ടെത്തി അവരെ അഭിനന്ദിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും എം‌എൽ‌എമാർക്കും കക്ഷി രാഷ്ട്രീയത്തിനപ്പുറം നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ. രാഷ്ട്രപതി എന്ന നിലയ്ക്ക് ദ്രൗപദി മുർമുവിന് നിർഭയം ഭരണഘടന സംരക്ഷിക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കണ്ട പ്രതിപക്ഷ ഐക്യം ഇനി മുന്നോട്ടും തുടരണമെന്നും സിൻഹ ട്വീറ്റ് ചെയ്തു.

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും.  രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു  ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അ‍ര്‍പ്പിച്ചു. 

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും. 

രാഷ്ട്രപതി  തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker