പാലായില്‍ നിഷ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിഷാ ജോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്താന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്. സമവായത്തിന് വേണ്ടി യുഡിഎഫ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാലായിലെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഉണ്ടാകില്ലെന്നും ജോസഫ് സൂചിപ്പിച്ചു. സ്ഥാനാര്‍ത്ഥിയുടെ നിര്‍ണയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കാന്‍ ആകില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാരും കൂടി ചര്‍ച്ച ചെയ്ത് ജയസാധ്യതയുള്ള ആളെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. പാലായിലേത് കടുത്ത മത്സരിക്കുമെന്ന് വിലയിരുത്തലുള്ള സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീരുമാനിക്കുന്നത്. ജോസഫ് വ്യക്തമാക്കി.
അതേസമയം, പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. രണ്ടില ഛിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും അതിലൊരു വിട്ടുവീഴ്ചയില്ലെന്നും ജോസ കെ. മാണി വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍ക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അധ്യക്ഷനായ ഉപസമിതിയ്ക്ക് ഒപ്പം ഉമ്മന്‍ചാണ്ടിയും ഇടപെട്ടിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും ഇന്ന് തന്നെ പറഞ്ഞ് തീര്‍ത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ഉമ്മന്‍ചാണ്ടിയും പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തോമസ് ചാഴികാടന്‍ എംപിയുടെ അധ്യക്ഷതതയില്‍ കേരളാ കോണ്‍ഗ്രസ് എം രൂപവത്കരിച്ച സമിതി പാര്‍ട്ടി ഘടകങ്ങളായും നേതാക്കളുമായും ചര്‍ച്ചയുടെ ആദ്യഘട്ട പൂര്‍ത്തിയായപ്പോഴാണ് ജോസ് കെ മാണിയെ തള്ളി പി. ജെ. ജോസഫ് രംഗത്തുവന്നിരിക്കുന്നത്.