
കോട്ടയം: ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്. വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ഞാൻ തുടങ്ങിവെച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല’, പി.സി വ്യക്തമാക്കി.
ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയതിനു ശേഷമായിരുന്നു മാധ്യമങ്ങളോട് ജോർജിന്റെ പ്രതികരണം.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.