KeralaNews

കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ ഇനിയും ഇടതുപക്ഷത്തേക്ക് വരുമെന്ന് പി.സി ചാക്കോ

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പ്രവൃത്തിയില്‍ മനംനൊന്ത് ഇനിയും നിരവധി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്കു വരുമെന്ന് പി.സി. ചാക്കോ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോയതിനേക്കള്‍ പത്തിരിട്ടി ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം പലകാര്യത്തിലും ഉത്തരംമുട്ടി നില്‍ക്കുകയാണ്. ദേശീയ നേതൃത്വത്തിലുള്ള എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കു കാരണം. പ്രതിപക്ഷ നേതാവിന്റെ ഇരട്ടവോട്ട് വിവാദം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും പി.സി. ചാക്കോ പറഞ്ഞു.

അതേസമയം ഇരട്ട വോട്ട് വിവാദത്തിന് പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയുകയാണ് ആദ്യം വേണ്ടതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടകംപള്ളിയുടെ വിമര്‍ശനം.

സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഈ കണ്ടെത്തല്‍. ചെന്നിത്തലയുടെ അമ്മ ദേവകിയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51-ാം ബൂത്തിലുമാണ് വോട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന് രണ്ടു വോട്ടുണ്ടെന്ന് കണ്ടെത്തിയത് സിപിഎമ്മാണ്. സ്ഥാനാര്‍ഥിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടുണ്ട്.

അതേസമയം, ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പര്‍ മാറ്റിയില്ലെന്നും ലാല്‍ പ്രതികരിച്ചു. ചെന്നിത്തലയുടെ അമ്മയുടെ പേര് രണ്ട് സ്ഥലങ്ങളില്‍ വന്നതിന് കാരണം അധികൃതരുടെ വീഴ്ചയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button