750 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് അതിവേഗം പടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് അതിവേഗം പടരുന്നു. 750 ലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിര്‍ത്തി വച്ചു. പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് കണ്ടെത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നതോടെ എയിംസ് ഉള്‍പ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒരു ദിവസത്തിനിടെ എംയിസില്‍ നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. 350ലധികം റെസിഡന്റ് ഡോക്ടര്‍മാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസില്‍ ഓപി പരിശോധനകള്‍ നിര്‍ത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം.
സഫ്ദര്‍ജംഗ്, എല്‍എന്‍ജെപി ഉള്‍പ്പടെയുള്ള പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്‌സുമാരും, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പടെയാണിത്. ഗുരുതര ലക്ഷണങ്ങളില്ലാത്തതിനാല്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നാണ് നിലവില്‍ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹരിയാനയിലെ പിജിഐഎംഎസ് ആശുപത്രിയില്‍ 50 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം കൂടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.