കത്തോലിക്കപള്ളികളിൽ 3.3 ലക്ഷം കുട്ടികൾ ലൈംഗികപീഡനത്തിനിരയായി,ഇരകളിലേറെയും ആൺകുട്ടികൾ
പാരീസ്:ഫ്രഞ്ച് കത്തോലിക്കപള്ളിക്കുകീഴിലുള്ള പുരോഹിതരിൽനിന്നും ജീവനക്കാരിൽനിന്നുമായി കഴിഞ്ഞ 70 കൊല്ലത്തിനിടെ 3.3 ലക്ഷം കുട്ടികൾ ലൈംഗികപീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ. ഇരകളിലേറെയും ആൺകുട്ടികളാണ്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയുടേതാണ് റിപ്പോർട്ട്.
പുരോഹിതരും മറ്റുചുമതലകൾ വഹിച്ചവരുമടക്കം 1.15 ലക്ഷത്തോളം പേരാണ് 1950മുതൽ 2020വരെ ഫ്രഞ്ച് കത്തോലിക്കപള്ളിക്കുവേണ്ടി പ്രവർത്തിച്ചത്. ഇതിൽ 3200-ഓളം പേർ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്തു. കുറ്റവാളികളിൽ മൂന്നിൽരണ്ടും പുരോഹിതരാണ്. ഫ്രാൻസിൽ ഇക്കാലയളവിൽ നടന്ന ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയിൽ കുഞ്ഞുങ്ങൾക്കുനേരെ ഉണ്ടായവയാണെന്ന് സമിതി അധ്യക്ഷൻ ഴാൻ മാർക് സൗവ് പറഞ്ഞു.
ദൃക്സാക്ഷികൾ, പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പഠിച്ചിരുന്നവർ തുടങ്ങിയവരുമായി അഭിമുഖം നടത്തിയും കോടതി, പോലീസ്, മാധ്യമങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചും രണ്ടരക്കൊല്ലം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 1950-നും 68-നുമിടയിലാണ് കൂടുതൽ പീഡനങ്ങൾ നടന്നത്.
സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ഖേദംപ്രകടിപ്പിച്ചു. റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാർപാപ്പ പറഞ്ഞു.