ഓസ്കാർ അവാർഡ്സ്; മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ആടുജീവിതവും കങ്കുവയും
ന്യൂഡല്‍ഹി:2025 ൽ ഓസ്കാറിന് മികച്ച ചിത്രത്തിന് മത്സരിക്കുന്ന സിനിമകളുടെ പ്രഥമ പട്ടിക പുറത്ത് വന്നു. മലയാള ചിത്രം ആടുജീവിതം ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകൾ പട്ടികയിലുണ്ട്. കങ്കുവ, ഗേൾസ് വിൽ ബി ഗേൾസ് എന്നിവയാണ് മറ്റ് സിനിമകൾ. പൃഥിരാജ് നായകനായ ആടുജീവിതം സംവിധാനം ചെയ്തത് ബ്ലെസിയാണ്. ഷുചി തലാറ്റി സംവിധാനം ചെയ്ത ഗേൾസ് വിൽ ബി ഗേൾസിൽ മലയാള നടി കനി കുസൃതിയാണ് പ്രധാന വേഷങ്ങളിലൊന്ന് ചെയ്തിട്ടുണ്ട്. സൂര്യ നായകനായ കങ്കുവ ശിവയാണ് സംവിധാനം ചെയ്തത്.
323 സിനിമകളാണ് ഓസ്കാർ മത്സരത്തിന് അപേക്ഷ അയച്ചത്. ജനുവരി എട്ടിന് നോമിനേഷനായുള്ള വോട്ടിംഗ് ആരഭിക്കും. ജനുവരി 17 ന് ഓസ്കാർ നോമിനേഷൻ പ്രഖ്യാപിക്കും. ഓസ്കാറിന് കങ്കുവ മത്സരിക്കുന്നത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. സൂര്യ ആരാധകർ വാർത്ത ആഘോഷമാക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം പേരെയും ഈ വാർത്ത അത്ഭുതപ്പെടുത്തുന്നു.
2024 ൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട സിനിമകളിലൊന്നൊണ് കങ്കുവ. സൂര്യയുടെ കരിയറിലെ മോശം സിനിമയാണിതെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. താരത്തിന് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിമർശനം കേട്ടത് കംഗുവയുടെ പേരിലാണ്.