ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് സ്വന്തം. സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 741 റണ്‍സ് അടിച്ചുകൂട്ടിയാണ് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് ജേതാവായത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോഹ്‌ലിയുടെ നേട്ടം. ഇതോടെ മറ്റൊരു ചരിത്രനേട്ടത്തിനും ആർസിബിയുടെ മുന്‍ ക്യാപ്റ്റന്‍ അർഹനായി.
ഐപിഎല്ലിന്റെ രണ്ട് സീസണുകളില്‍ ഓറഞ്ച് ക്യാപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററെന്ന ചരിത്രമാണ് വിരാട് കുറിച്ചത്. ഇതിന് മുന്‍പ് 2016ലാണ് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് നേടിയത്. 2016 സീസണിലെ 16 മത്സരങ്ങളില്‍ നിന്ന് 973 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.
ഐപിഎല്ലില്‍ ഒന്നില്‍ കൂടുതല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്‌ലി. മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് ജേതാവായ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ ഒന്നാമത്. രണ്ട് തവണ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ക്രിസ് ഗെയ്ല്‍ രണ്ടാമതുണ്ട്.
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്. സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തത്. 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലുമാണ് മലയാളി താരത്തിന്റെ നേട്ടം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദാണ് സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 14 മത്സങ്ങളില്‍ 583 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 573 റണ്‍സ് അടിച്ചുകൂട്ടിയ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗാണ് മൂന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 15 മത്സരങ്ങളില്‍ 567 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്.