KeralaNews

മുല്ലപ്പെരിയാര്‍ വിഷയം നിയമസഭയില്‍; സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. സുപ്രിം കോടതിയിലെ ഇടപെടല്‍ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

അതേസമയം പുതിയ അണക്കെട്ട് ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു. പുതിയ ഡാമിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠന റിപ്പോര്‍ട്ടുകളും സാര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല.

ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button