Featuredhome bannerHome-bannerKeralaNews

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം;കൗൺസിൽ യോഗം സ്തംഭിപ്പിച്ചു

കൊച്ചി: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ മാറ്റാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. അതേസമയം, മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.

കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി കൊച്ചി കോർപറേഷൻ ഭരിക്കുന്നത്. യു.ഡി.എഫ്. മേയറുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. ബി.ജെ.പി കൗൺസിലർമാരും പ്രക്ഷോഭത്തിലാണ്. യു.ഡി.എഫ്. കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബി.ജെ.പി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടുകയാണ്.

കൗൺസിലർമാരെ അവഗണിച്ച് അജണ്ടകളെല്ലാം മേയർ പാസാക്കുകയായിരുന്നുവെന്നും തങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ മേയർ തയ്യാറായില്ലെന്നും ബി.ജെ.പി കൗൺസിലർ പത്മകുമാരി പറഞ്ഞു. യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസത്തിൽ ബി.ജെ.പി. എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം, പ്രതിപക്ഷം മനഃപൂർവം കൗൺസിൽ നടപടികൾ തടസപ്പെടുത്തുകയാണെന്നും എടോ പോടോ വിളികളാണ് തനിക്ക് നേരെ കൗൺസിലിൽ ഉയർന്നതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. അനുശോചന പ്രമേയം വായിക്കുമ്പോഴും പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും മേയർ പറഞ്ഞു. സോൺടക്കെതിരേ അന്വേഷണം വേണമെന്നും ഉപകരാറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker