KeralaNews

ഓപ്പറേഷൻ ബ്രേക്ക് ത്രൂ,കൊച്ചിയിൽ ആധുനിക യന്ത്രങ്ങൾ വരുന്നു,ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.  വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ആധുനിക മെഷിനുകള്‍ വാങ്ങാനും യോഗത്തില്‍ തീരുമാനമായി. ചെന്നൈ നഗരത്തില്‍ കാനകളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള  രണ്ട് മെഷിനുകളാണ് വാങ്ങുക. ഒരു മെഷിന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയും രണ്ടാമത്തേത് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയിലും ഉള്‍പ്പെടുത്തിയും വാങ്ങും.

കൊച്ചി കോർപ്പറേഷനിലെ തേവര പേരണ്ടൂർ കനാൽ (ടിപി കനാൽ) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനർനിർമ്മാണം, ഡ്രെയിനുകൾ പുനഃസ്ഥാപിക്കൽ, ഒ.ബി.ടി കൊച്ചി കോർപ്പറേഷനിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കായൽ വരെയുള്ള ഡ്രെയിനേജ് കനാൽ നിർമാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോർപ്പറേഷനിൽ ബന്ധിപ്പിച്ച ഡ്രെയിനുകളുടെ നവീകരണം എന്നീ പ്രവൃത്തികൾക്കാണ് അനുമതി നല്‍കുക.  

2019 ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരത്തിലെ ഓടകൾ നവീകരിച്ചു. ആദ്യഘട്ട പ്രവൃത്തികൾക്കായി 10 കോടി രൂപ വിനിയോഗിച്ചു. കായൽ മുഖങ്ങളിലെ തടസ്സങ്ങളും നഗരത്തിലെ പ്രധാന കനാലുകളിലെ തടസ്സങ്ങളും മാറ്റുന്നതിലാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്.

കെഎംആര്‍എല്‍ വിഭാവനം ചെയ്ത കൊച്ചിയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കും. സിഎസ്എംഎല്‍, കെഎംആര്‍എല്‍, വാട്ടര്‍ അതോറിറ്റി മുതലായ ഏജന്‍സികളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയും രൂപീകരിക്കും.

യോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, എം ബി രാജേഷ്, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാമുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker