FeaturedHome-bannerKeralaNews

‘പീഡനക്കേസില്‍ അറസ്റ്റിന് വഴങ്ങാനാണ് തീരുമാനിച്ചത്’സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

തിരുവനന്തപുരം: അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വിവരിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഉമ്മൻചാണ്ടിയു‍ടെ കുറിപ്പ്

സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി ബി ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ എല്ലാവരെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു.  സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ 2 അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് കണ്ടത്തിയതു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ, സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും  നിയമോപദേശം ലഭിച്ചു.  എന്നാല്‍ പ്രതിച്ചേർക്കപ്പെട്ട സഹപ്രവർത്തകരും ഞാനും ആ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ്  തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker