കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ തന്റെ പേരിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളിയിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നേമത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നിതില്‍ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തേ, ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നില്‍ പ്രവര്‍ത്തകര്‍ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയിരുന്നു.
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ അണികള്‍ പ്രകടനവുമായി എത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ നേമത്തേയ്ക്ക് വിട്ടു നല്‍കില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അണികള്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുന്നതിന് മുന്നോടിയായി പ്രവര്‍ത്തകര്‍ പരിസരത്ത് തടിച്ചുകൂടി. വളരെ കഷ്ടപ്പെട്ടാണ് ഉമ്മന്‍ചാണ്ടി വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ താഴെ ഇറങ്ങി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാന്‍ഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടു നല്‍കില്ലെന്നും ജസ്റ്റിന്‍ പറഞ്ഞു.