
പത്തനംതിട്ട: സംസ്ഥാനത്ത് വേനൽമഴക്കിടെ ജീവനെടുത്ത് ഇടിമിന്നൽ. പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മിന്നലേറ്റ് ദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. നീലകണ്ഠൻ്റെ മൃതദേഹം ഇപ്പോൾ കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, തൃശ്ശൂർ പൊയ്യ പഞ്ചായത്തിൽ മിന്നൽ ചുഴലിയുണ്ടായി. പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽ പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം നടന്നത്. 25 ഓളം കർഷകരുടെ നാനൂറോളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് കൃഷി നാശം ഉണ്ടായി. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറയുന്നു.
താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കവാടം തകർന്നു. കാറ്റത്ത് മാള ജങ്ഷനിൽ കടക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്ന് താഴേക്ക് വീണു.മഴയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.