കോട്ടയം: ലൈംഗീക ആവശ്യങ്ങള്‍ക്കായി പങ്കാളികളെ കൈമാറിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന.
അതേസമയം, സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് ഒന്‍പത് പേരാണെന്ന് കണ്ടെത്തി. ഇവരില്‍ ആറു പേര്‍ അറസ്റ്റിലാണ്.
ഇനിയും അറസ്റ്റിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നു. ഇയാള്‍ കൊല്ലം സ്വദേശിയാണ്. മറ്റൊരാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘത്തിനെതിരേ പോലീസിൽ പരാതി നൽകിയ യുവതി നേരിടേണ്ടി വന്നതു മാസങ്ങൾ നീണ്ട മാനസിക ശാരീരിക പീഡനങ്ങൾ. മാസങ്ങളോളം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറയുന്നു.
ഇതിനിടെ, ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി. എന്നാൽ, തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു.
തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ പതുക്കെ ഈ വിഷയത്തിലേക്കു കൊണ്ടുവന്നു.
പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്‍റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നുപെട്ടത്. എന്നാൽ, പിന്നീടു കാര്യങ്ങൾ കൂടുതൽ വഷളായി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു.
താനും അതിന്‍റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്‍റെ ഭീഷണി. കുടുംബത്തെ ഒാർത്ത് ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.
എന്നാൽ, രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് മറ്റൊരു നിവൃത്തിയുമില്ലാതെ ഇതു പുറം ലോകത്തെ അറിയിക്കാൻ യുവതി തീരുമാനിച്ചത്. പത്തനാട് സ്വദേശിനിയുടെ ഈ പരാതിയാണ് ഇവരുടെ ഭർത്താവ് ഉൾപ്പെടുന്ന സംഘത്തിലെ ആറുപേർ കുടുങ്ങാൻ കാരണമായത്.
ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്‍റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്‍റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചുള്ള ചുരുളുകൾ അഴിച്ചത്.
യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞതോടെയാണ് യുവതിയുടെ ഭർത്താവിന്‍റെ ലൈംഗിക വിക്രിയകൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മദർദത്തിനിടയായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരമാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്