
ഇടുക്കി: നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് പകടം. മേരി എബ്രഹാമും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. രാത്രിയായതിനാല്‍ അപകടം നേരിട്ടുകണ്ട ആളുകളില്ല.
ഈട്ടിത്തോപ്പിലുള്ള പഴയ വീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു മേരി എബ്രഹാമും കുടുംബവും. മേരിയുടെ മകന്‍ ഷിന്റോയാണ് വാഹനമോടിച്ചിരുന്നത്. ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട വാഹനം നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
ഇവരെക്കൂടാതെ ഷിന്റോയുടെ ഭാര്യയും കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കുണ്ട്. ഷിന്റോയുടെ മകന്റെ പരിക്ക് ഗുരുതരമാണ്. ഇയാളുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.