CrimeKeralaNews

ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി തടസ്സപ്പെടുത്തി;വാക്കേറ്റം സംഘര്‍ഷം,ഈഞ്ചയ്‌ക്കൽ ബാറിലെ ഗുണ്ടാ ഏറ്റുമുട്ടൽ ഓംപ്രകാശ് ഒന്നാം പ്രതി

തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാറില്‍ ഗൂണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍, ഗുണ്ടാ തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തു. എതിര്‍ സംഘത്തലവന്‍ സാജന്‍ രണ്ടാം പ്രതിയും മകന്‍ ഡാനി മൂന്നാം പ്രതിയുമാണ്. ഇവരുടെ കൂട്ടാളികളില്‍ ചിലരെ ഇന്നലെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സംഘര്‍ഷം, പൊതുജന ശല്യം തുടങ്ങി ആറ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടല്‍. പരിപാടിക്കിടെ ഓംപ്രകാശും ഒപ്പമെത്തിയ നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റത്തിലാകുകയും ചെയ്തു.

ഈഞ്ചയക്കലിലെ ബാറിലാണ് രണ്ട് ഗുണ്ടാ നേതാക്കളും പരസ്പരം വെല്ലുവിളിച്ചത്. എയര്‍പോര്‍്ട്ട് സാജന്റെ മകന്‍ ഡാനിയും ഓംപ്രകാശും തമ്മിലെ പ്രശ്നമാണ് പാറ്റൂരിലെ വെട്ടുകേസിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനെ തുടര്‍ന്നുള്ള പ്രശ്നം ഇപ്പോഴും തീരുന്നില്ല. ഇഞ്ചയ്ക്കലില്‍ സാജന്റെ മകന്‍ ഡാനി ഡിജെ പാര്‍ട്ടി നടത്തി. ഈ ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശ് ചോദ്യങ്ങളുമായി എത്തിയത്. ഇത് അടിയില്‍ കലാശിക്കുകയായിരുന്നു. ഓംപ്രകാശിനൊപ്പം നെയ്യാറ്റിന്‍കര സ്വദേശി നിതിനും ഒരു യുവതിയും ഡിജെ പാര്‍ട്ടിയ്ക്ക് എത്തി. ഡാനിയാണ് ഡാന്‍സ് പാര്‍ട്ടി നിയന്ത്രിച്ചത്. ഇതിനിടെ ഓംപ്രകാശ് തെറിവിളിച്ചു. ഇതോടെ രണ്ടു സംഘമായി. ഇതറിഞ്ഞ് എയര്‍പോര്‍ട്ട് സാജനും എത്തി. അങ്ങനെ അടി തുടങ്ങി. പോലീസ് എത്തിയപ്പോള്‍ എല്ലാവരും മുങ്ങി. സിസിടിവി പരിശോധനയില്‍ അടിയുണ്ടായത് തെളിഞ്ഞു. ഓംപ്രകാശും സാജനും പരസ്യ വെല്ലുവിളി നടത്തിയിട്ടുണ്ട്. ഇതെല്ലാം പോലീസിന് തലവേദനയാണ്.

എയര്‍പോര്‍ട്ട് ഡാനി എന്ന സ്റ്റെഫാനും വലിയ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്റ്റെഫാന് ഡിവൈഎഫ്ഐയില്‍ പദവികളുണ്ടെന്ന് ആരോപണം നേരത്തേ തന്നെയുള്ളതാണ്. കോവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ഡാനിയെയും സംഘത്തെയും രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമം നടത്തിയെന്നും എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്‍വലിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഡാനിക്കു വേണ്ടി പിന്നീട് ശ്രമം നടന്നത് പൊലീസിന്റെ ഉന്നതങ്ങളില്‍ നിന്നായിരുന്നു. എയര്‍പോര്‍ട്ട് സാജന്‍ എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍.

എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്ര,മണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെ ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പൊലീസുകാരെവരെ സംഘം ചേര്‍ന്ന് കേറിത്തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. തീരദേശം കേന്ദ്രീകരിച്ച് സമാന്തരഭരണം തന്നെയാണ് ഇവര്‍ നടത്തുന്നത്. വിയോജിപ്പുള്ള പാര്‍ട്ടി നേതാക്കള്‍ക്കും ഇയാളെ അനുസരിക്കാതെ പ്രദേശത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നഗരത്തിലാണ് ഓംപ്രകാശിന്റെ കരുത്ത്. ഓംപ്രകാശിനും സിപിഎം ബന്ധങ്ങളുണ്ട്.

പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ രണ്ടു മാസംമുമ്പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കൊച്ചിയിലെ ഓംപ്രകാശിന്റെ അറസ്റ്റും ഡിജെ പാര്‍ട്ടിയും സിനിമാക്കാരെ പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു.

സാജന്റെ ഗുണ്ടാ സംഘവും ഓംപ്രകാശിന്റെ ഗുണ്ടാസംഘവും തമ്മില്‍ ഈയിടെ വലിയ സംഘര്‍ഷവും തലസ്ഥാനത്ത് നടന്നിരുന്നു. ഓംപ്രകാശ് തലസ്ഥാനത്ത് നിരന്തരമായി ഗുണ്ടാവിളയാട്ടം നടത്തുമ്പോഴും പൊലീസിന് ഇവരെ പിടിക്കാന്‍ സാധിക്കാറില്ല. സാജനെപ്പോലെ വലിയ രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളുള്ളയാളാണ് ഓംപ്രകാശും. തലസ്ഥാനത്തെ മറ്റൊരു ഗുണ്ടയായ മുട്ടട നിധീഷിന്റെ സംഘവുമായി ഓംപ്രകാശ് സംഘം നടത്തിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് ഏറെ വിവാദത്തിലായി. ഇതില്‍ നിധീഷിനൊപ്പമായിരുന്നു ഏയര്‍പോര്‍ട്ട് സാജന്‍. എയര്‍പോര്‍ട്ട് ഡാനി രാജ്യം വിട്ടതും ഇതിനിടെ ചര്‍ച്ചയായി.

ആദ്യത്തെ പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആദ്യമെടുത്ത നടപടികളിലൊന്ന് തലസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയായിരുന്നു. നിരവധി പേരെ ഈ നടപടിയുടെ ഭാഗമായി കരുതല്‍ തടങ്കലിലേക്ക് മാറ്റി. എന്നാല്‍ ഈ നടപടികളെയെല്ലാം നിഷ്ഫലമാക്കി തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടങ്ങള്‍ തുടങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ഗുണ്ടകളുടെ അക്രമങ്ങള്‍ രൂക്ഷമായപ്പോള്‍ സംസ്ഥാന പൊലീസ് ഓപ്പറേഷന്‍ കാവല്‍ എന്ന ദൗത്യം ആരംഭിച്ചു. ഇതുപ്രകാരം വീണ്ടും കരുതല്‍ തടങ്കല്‍ നടപടികളാരംഭിച്ചു. പക്ഷേ എല്ലാം നിലച്ചു.

ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ പോലീസ് നടത്തിയിരുന്നു. ലഹരി ഇടപാടുകളുടെ ഫണ്ടര്‍ കൊല്ലം സ്വദേശി ഷിഹാസാണെന്നാണു കണ്ടെത്തല്‍. അന്വേഷണം ഉന്നത പോലീസുദ്യോഗസ്ഥനിലേക്കും നീളുന്നതായാണു സൂചന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിട്ടുകിട്ടാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ്, ഇയാളുടെ ഹോട്ടല്‍മുറിയില്‍ നടന്നതു ലഹരിപ്പാര്‍ട്ടിയെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെല്ലാവരും സത്കാരത്തിനിടെ ഓംപ്രകാശിന്റെ മുറിയിലെത്തിയതായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായി ഉറപ്പിക്കാന്‍ കഴിഞ്ഞു. ചിലരുടെ മുടിയും നഖവും പോലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്കു കടക്കും.

ഒക്ടോബര്‍ ആറിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെ പിടികൂടിയത്. നാലു ലിറ്റര്‍ വിദേശമദ്യവും കൊക്കെയിന്‍ പൗഡറും ഇവിടെനിന്നു കൊച്ചി ഡാന്‍സാഫ് ടീമും മരട് പോലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു. ഓംപ്രകാശിന്റെ ജാമ്യം റദ്ദുചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണു മരട് പോലീസ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം എത്തുന്നത്.രണ്ടുമാസം മുമ്പ് കൊച്ചിയില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker