FeaturedHome-bannerNationalNews

ഇന്ത്യയില്‍ ഒമിക്രോണ്‍; കര്‍ണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു:രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇരുവരും ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവില്‍ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോ‍ര്‍ട്ട് ചെയ്തതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

ഒമിക്രോണ്‍ വൈറസ് ബാധയില്‍ ആശങ്ക തുടരുന്നതിനിടെ ക‍ര്‍ണാടക മുഖ്യമന്ത്രി ബസവ്വരാജ ബൊമ്മയ ഇന്ന് ദില്ലിയില്‍ എത്തി കേന്ദ്രആരോ​ഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് ബൂസ്റ്റ‍ര്‍ ഡോസ് വാക്സീന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ച‍ര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോകുന്നതെന്നാണ് ഔദ്യോ​ഗിക വിശദീകരണമെങ്കിലും ഒമിക്രോണ്‍ വ്യാപന ഭീഷണിയാവും കൂടിക്കാഴ്ചയിലെ പ്രധാന ച‍ര്‍ച്ചയെന്നാണ് സൂചന. ‌‌

ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയില്‍ കാണാത്ത തരം കൊവിഡ് വൈറസാണ് ഇയാളില്‍ കണ്ടെതെന്നും പരിശോധന ഫലം എന്തെന്ന് ദില്ലിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാല്‍ വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.

അതേസമയം ലോകരാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുകയും ഇന്ത്യ വൈറസ് ഭീതി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊവിഡിന്‍്റെ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കും. മൂന്നാം ഡോസ് വാക്സീനില്‍ തീരുമാനം വൈകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടാം വാരത്തോടെ ഇത് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തില്‍ ഉദ്യോ​ഗസ്ഥര്‍ സൂചിപ്പിച്ചു. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി തേടി കൊവീഷില്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്.

പുതിയ കൊവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട് .ഇതിനായുള്ള പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക. ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രത തുടരുകയാണ്. ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും വരുന്നവരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാറിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില് ഉടന്‍ കോവിഡ് കെയര്‍ സെന‍്ററിലാക്ക് മാറ്റും. ഏതുവൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker