കൊല്ലം: കരിന്തോട്ടുവ ബിന്ദു ഭവനത്തിൽ കശുവണ്ടിത്തൊഴിലാളിയായിരുന്ന ഓമന (74) ജീവനൊടുക്കിയത് പെൻഷൻ മുടങ്ങിയതുകൊണ്ടല്ലെന്ന് ബന്ധുക്കൾ. രോഗവും മരംകയറ്റത്തൊഴിലാളിയായ ഭർത്താവ് വേലായുധൻ കിടപ്പിലായതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഓമനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അവരെ സഹായിച്ചുവന്ന സഹോദരൻ തങ്കപ്പൻ അടുത്തിടെ കിണറ്റിൽവീണ് പരിക്കേറ്റതും മകൾ രേണുകയുടെ ഭർത്താവിന് അർബുദം പിടിപെട്ടതും അവരെ തളർത്തി. നിലവിൽ ദുരിതപൂർണമായ ജീവിതസാഹചര്യമാണ് കുടുംബത്തിന്റേത്. ഇളയ മകൾ ബിന്ദു ഹൃദ്രോഗിയുമായി. തുടർചികിത്സയ്ക്ക് പണവുമില്ല.
ഓമനയും ഗർഭാശയസംബന്ധമായ അസുഖങ്ങളാൽ പ്രയാസത്തിലായിരുന്നു. പഞ്ചായത്തിൽനിന്ന് അതിദരിദ്രർക്കു ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ കുടുംബത്തിനു ലഭിക്കുന്നുണ്ട്. അവസ്ഥയറിഞ്ഞ് നാട്ടുകാരും സഹായിച്ചുവരുന്നു. കശുവണ്ടിത്തൊഴിലാളി പെൻഷൻ ആറുമാസത്തെ കുടിശ്ശികയുണ്ടെങ്കിലും കുടുംബത്തെ ബാധിച്ചിട്ടില്ലെന്നും വേലായുധൻ പറഞ്ഞു.
മറ്റ് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ മരണം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കരുതെന്ന് മകൾ ബിന്ദു കരഞ്ഞുപറയുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ്-സി.പി.എം. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. സി.പി.എം. വാർഡ് അംഗത്തെ കൈയേറ്റംചെയ്യാൻ ശ്രമിച്ചതായും പരാതിയുയർന്നു. വൻ പോലീസ് സംഘവും സ്ഥലത്തെത്തി.
കൊടിക്കുന്നിൽ സുരേഷ് എം.പി., കോവൂർ കുഞ്ഞുമോൻ എം.എൽ.എ. എന്നിവർ ഓമനയുടെ വീട്ടിലെത്തി. പെൻഷൻ നിഷേധിച്ചതിൽ പ്രതിഷേധവുമായി യു.ഡി.എഫ്. പ്രവർത്തകർ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ 77 കാരനായ ഭിന്നശേഷിക്കാരൻ ജനുവരിയില്‍ ജീവനൊടുക്കിയിരുന്നു.പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുകാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയതിനുപിന്നാലെയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ മരിച്ചത്.
ജോസഫിനെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസമായി വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ലായെന്നാണ് വിവരം. വടി കുത്തിപ്പിടിച്ച് സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങി മടുത്തെന്നും ജീവിക്കാന്‍ കടം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി പൊലീസിനും കത്ത് കൈമാറിയിരുന്നു. കോഴിക്കോട് കളക്ടര്‍ക്ക് കത്ത് നല്‍കാനിരിക്കുകയായിരുന്നു. കിടപ്പുരോഗിയായ 47കാരിയായ മകള്‍ക്കും പക്ഷാഘാതത്തിന്റെ അവശതകൾ അനുഭവിക്കുന്ന ജോസഫിനും പെന്‍ഷന്‍ തുകമാത്രമായിരുന്നു ആകെയുള്ള ആശ്രയം.
ജോസഫിന് മൂന്ന് പെൺമക്കളാണുള്ളത്. രണ്ട് പേർ വിവാഹിതരാണ്. ഭിന്നശേഷിക്കാരിയായ മൂത്തമകൾ കിടപ്പിലാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ പക്ഷാഘാതമാണ് ജോസഫിനെ തളർത്തിയത്. ഭാര്യ മരിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ അഭയകേന്ദ്രത്തിലേക്ക് മകളെ ജോസഫ് മാറ്റിയിരുന്നതായും അയൽവാസികൾ പറഞ്ഞു.
ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതിനാല്‍ അല്ലയെന്നും ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രതികരിച്ചു. പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരുകാര്യവുമില്ല. 15 വര്‍ഷമായി തുടര്‍ച്ചയായി പലആവശ്യങ്ങളും ഉന്നയിച്ച് ഇദ്ദേഹം കളക്ടര്‍ക്കുള്‍പ്പെടെ കത്ത് നല്‍കാറുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)