EntertainmentKeralaNews

ഓഫർ ചെയ്തത് ചെന്നൈയിലെ ഫ്ലാറ്റും കോളേജ് ഡൊണേഷനുകളും; വാക്ക് പാലിക്കാത്തതിൽ വിജയകാന്തിനോട് മാപ്പ് പറഞ്ഞ മലയാള സിനിമാപ്രവര്‍ത്തകന്‍

കൊച്ചി:വിജയകാന്തിനെക്കുറിച്ചുളള മനോഹരമായ ഓർമകൾ പങ്കുവച്ച് നടനും അണിയറ പ്രവർത്തകനുമായ സഹീർ മുഹമ്മദ്. സോഷ്യൽമീഡിയയിലൂടെയാണ് വിജയകാന്തിനെക്കുറിച്ചുളള ഓർമകൾ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിജയകാന്ത് ഒരിക്കൽ ആവശ്യപ്പെട്ടത് സാധിച്ച് കൊടുക്കാത്തതിൽ മാപ്പപേക്ഷിച്ചാണ് സഹീർ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

സഹീർ മുഹമ്മദിന്റെ പോസ്റ്റിന്റെ പൂർണരൂപം

”ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രം. മോഹൻലാലും വിജയരാഘവനും തമ്മിലുള്ള ഒരു ഫൈറ്റ് സീനിന്റെ ഷൂട്ട് നിറപറ മിൽസിൽ നടക്കുന്നു. രാവിലെ 11 മണിയോടുകൂടി കുട്ടേട്ടൻ (ആനന്ദക്കുട്ടൻ സാർ) പറഞ്ഞു.

‘സഹീറേ, റൂമിൽ പോയി ഡ്രസ് ഒക്കെ പാക്ക് ചെയ്തോളൂ’’ഞാൻ ഒന്ന് വല്ലാതെ ഞെട്ടി. വീട്ടിലാർക്കെങ്കിലും…… ? അതോ, ആരെങ്കിലും പരദൂഷണം പറഞ്ഞു പിടിച്ചതിന്റെ പേരിൽ എന്നെ എന്നത്തേയ്ക്കും പാക്ക് ചെയ്യുകയാണോ ?

സംശയങ്ങൾ പലതായിരുന്നു.

‘‘ഉച്ചക്കുള്ള ട്രെയിനിന് ചെന്നൈയ്ക്ക് പോണം. സിദ്ദീഖിന്റെ പടം മറ്റന്നാൾ തുടങ്ങും. നമ്പ്യാതിരിയാണ് കുറച്ച് ദിവസം അവിടെ വർക്ക് ചെയ്യുന്നത്. അപ്പോഴേക്കും ഇത് തീർന്ന് ഞങ്ങളുമങ്ങെത്തും.’’ശ്വാസം നേരേ വീണു. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു. ചെന്നൈയിലെത്തി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ വണ്ടിയെത്തി. ഒപ്പം നമ്പ്യാതിരി സാറും സിദ്ദീഖ് അണ്ണനും ആർട് ഡയറക്ടർ മണിയണ്ണനും. പ്രധാനമായി ഷൂട്ട് ചെയ്യേണ്ട മഹാബലിപുരത്തെ ബംഗ്ലാവിലേക്ക്. ‘ക്രോണിക് ബാച്ച്‌ലർ’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് – എങ്കൾ അണ്ണ.

ഷൂട്ട് തുടങ്ങിയ ദിവസം രാവിലെ തന്നെ ലൊക്കേഷനിലെത്തി. നായകനും നിർമ്മാതാവുമായ വിജയകാന്ത് എന്ന ക്യാപ്റ്റൻ മേക്കപ്പ് ഇട്ട് കോസ്റ്റ്യുമിട്ട് വന്നു. ഷൂട്ട് തുടങ്ങി.ഒന്ന് രണ്ട് ഷോട്ടുകൾ കഴിഞ്ഞപ്പോ ക്യാപ്റ്റന്റെ പേഴ്സനൽ മേക്കപ്മാൻ വന്നു.

‘‘സർ, ക്യാപ്റ്റൻ കൂപ്പിട്റാങ്കെ’’

‘‘യാരെ ? എന്നെവാ’’

ഞാനൊന്ന് സംശയിച്ചു.

‘‘ആമാ സർ’’

ഇതെന്തിനാണ് എന്നെ വിളിക്കുന്നത് ? എന്താണ് പ്രശ്നം ? പലതും ആലോചിച്ച് പരുങ്ങിപ്പരുങ്ങി ചെന്നു.

‘‘വണക്കം. വാങ്കെ’’

ക്യാപ്റ്റൻ എന്നോട് തന്നെയാണോ അതോ ? പിൻതിരിഞ്ഞു നോക്കി. അവിടെയാരുമില്ല.

‘‘വണക്കം’’

പ്രത്യഭിവാദ്യം മര്യാദയാണല്ലോ.

‘‘നീങ്ക ഇന്ത ക്യാമറാമാനോടെ അസോഷ്യേറ്റാ ?’’

‘‘ഇല്ലെ. ഇല്ലെ സർ’’

‘‘പിന്നെ’’

‘‘നാ ആനന്ദക്കുട്ടൻ സാറോടെ അസോഷ്യേറ്റ്’’

‘‘അവരെങ്കെ? ’’

‘‘അവര് വറുവാറ്’’

‘‘എപ്പോ? അവർ അതോടെ ബിസിയാ ?’’

‘‘ആമാ സാർ, ഒരു മലയാള പടം പണ്ണിയിട്ടേയിറ്ക്ക്;;

‘‘യാർ പടം?’’

‘‘മോഹൻലാൽ’’

‘‘ഹോ, അപ്പടിയാ, അവർ എപ്പടി? ജോളിയാ സെറ്റിലെല്ലാ’’

‘‘ഹാ, സാർ. അവർ നല്ല ആള്’’

‘‘അപ്പോ മമ്മൂട്ടി?’’

‘‘അവരും നല്ല ആള് താൻ സർ’’

പിറ്റേ ദിവസം മുതൽ രാവിലെ ക്യാപ്റ്റൻ മേക്കപ്പിട്ട് വന്നാൽ ആദ്യം ചോദിക്കുക, “ചഗീർ എങ്കെ” എന്നാണ് !!! (സഹീർ എന്നതിന് തമിഴിലെ ഉച്ചാരണം ചഗീർ എന്നാണ്).മൂന്ന് മാസം….. സ്ഥിരമായി….. ഒരു ദിവസം പോലും ഒഴിയാതെ അദ്ദേഹവുമായുള്ള സമ്പർക്കം. മലയാളത്തിലിറങ്ങിയ ഹിറ്റ് സിനിമകൾ ഏതൊക്കെ? ഇതിൽ മമ്മൂട്ടി അഭിനയിച്ചത് ഏതൊക്കെ? അതിന്റെയൊക്കെ കഥയെന്ത് ? ഇതൊക്കെ ചോദിച്ചു കൊണ്ടേയിരുന്നു. ഛായാഗ്രഹണ സഹായിയുടെ ജോലി ചെയ്യാൻ സമ്മതിക്കാതെ പിടിച്ച് അടുക്കൽ നിർത്തി കഥകൾ കേൾപ്പിക്കുന്നതിൽ കുട്ടൻ സാറിന് സ്വാഭാവികമായി നീരസമുണ്ടായിരുന്നു. പലപ്പോഴും എന്നോട് അത് സൂചിപ്പിക്കുകയയും ചെയ്തിരുന്നു.

‘‘ഞാനെന്ത് ചെയ്യാനാ സർ ?’’എന്റെ അവസ്ഥ കുട്ടൻ സാറിനോട് പറഞ്ഞു. ഷൂട്ട് ഏതാണ്ട് തീരാറാകുന്നു.

‘‘ചകീർ, നീ സൊന്നെ പടത്തോടെയെല്ലാ ഡിവിഡി അറേഞ്ച് പണ്ണണൊ. അപ്പുറോ, എന്നെ…… എന്നെ മട്ടും ഇൻഫോം പണ്ണണൊ. ഉനക്കെപ്പടി വരണംന്നാ അതേപടി.ഫ്ലൈറ്റാ ട്രെയിനാ. ഒണ്ണും പ്രച്നല്ലെ. എന്നുടെ ഹോം തിയറ്ററിലിരുന്ത് എല്ലാത്തെയും പാത്ത്, ഡിസൈഡ് പണ്ണി, ഒരു ലിസ്റ്റ് എടുക്കലാം. അന്ത ലിസ്റ്റിലിരിക്ക് പടത്തോടെ പ്രൊഡ്യൂസറെ പാത്ത് അവർ കയ്യില്ന്ത് അന്ത റൈറ്റ് എനക്ക് നീയേ വാങ്കി കൊടുത്തിടണോ. അത് മട്ടും താൻ നീ എനക്ക് സെയ്യ വേണ്ടിയ ഉദൈവി’’

ഞാൻ കണ്ണ് മിഴിച്ച് നോക്കി നിന്നു. ഷൂട്ട് അവസാനിച്ച ദിവസം, എവിഎം സ്റ്റുഡിയോയുടെ ഒരു ഭാഗത്ത് ഞാനും ക്യാപ്റ്റനും മാത്രം. ‘‘ഉനക്ക് എന്ന വേണോ ? ഇന്ത ചെന്നൈയില നീ സൊൽറ ഇടമേതോ അങ്കെ, ഉനക്കാകെ ഒരു ഫ്ലാറ്റ്. നീ താ ഇനി മേ നമ്മ കമ്പനിയൊടേ സ്വന്ത ക്യാമറാമാൻ. അപ്പുറം, ഏന്നുടെ എൻജിനിയറിങ് കോളജിലെ, ഉങ്ക ഏർപ്പാടിലേ എത്തന പസങ്കയിരുന്താലും അവർക്ക് അഡ്മിസൻ. അതും ഫ്രീയാ. അതിൽ വരവേണ്ടിയ ഡൊേണഷനെയെല്ലാ നീയേ എടുത്തുക്കണോ’’വർഷങ്ങൾ തപസ്സനുഷ്ടിച്ച് അവസാനം ഇഷ്ടദേവനോ ദേവിയോ പ്രത്യക്ഷപ്പെട്ട് വരം കൊടുക്കുന്നത് ചിത്രകഥകളിൽ വായിച്ചിട്ടുള്ള ഞാൻ, ഇതേതെങ്കിലും സ്വപ്നമാണോ എന്ന് വിചാരിച്ച് അന്തം വിട്ടു.‘‘ഇനി ഏതാവത് ഉനക്ക് വേണംന്നാ സൊല്ലുങ്കെ. നാൻ തരേ’’

‘‘ഇത് എന്നുടെ പേർസനൽ നമ്പർ. ഇന്ത നമ്പർ നാ വേറെയാറ്ക്കും കൊടുക്കമാട്ടാ’’

ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.‘‘നീ ഉടനടിയാ ഇതെല്ലാം അറേഞ്ച് പണ്ണുങ്കെ. എന്നെ കൂപ്പിട്. വോക്കെ ?ഓക്കെ’’.ആ വാക്ക് ഞാൻ പാലിച്ചില്ല, മനഃപൂർവം. പ്രായത്തിന്റെ അഹന്തയോ വീണ്ടുവിചാരമില്ലായ്മോ ?! പല തവണ ആ മനുഷ്യൻ എന്നെ അന്വേഷിച്ചിരുന്നു. ബന്ധപ്പെട്ടില്ല.കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. സിനിമയിൽ നിന്ന് ഒഴിഞ്ഞു മാറി നിന്ന നീണ്ട 14 വർഷങ്ങൾക്കിടയിൽ അദ്ദേഹം സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി.

തമിഴ്നാട് രാഷ്ട്രീയ മുഖ്യധാരയിൽ ആ പാർട്ടി ശ്രദ്ധേയ സാന്നിദ്ധ്യമായി. നാല് വർഷങ്ങൾക്കു മുമ്പുള്ള ഒരു ചെന്നൈ യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കാണാനുള്ള മോഹമുണ്ടായി. പക്ഷേ….. പ്രധാന അതിഥികളെയല്ലാതെ ഒരു സന്ദർശകരെയും കാണാൻ അനുവദിക്കില്ല എന്നറിഞ്ഞപ്പോ…….പ്രിയപ്പെട്ട ക്യാപ്റ്റൻ ഇനിയില്ല. മാപ്പ് അണ്ണേ മാപ്പ്’’- സഹീർ മുഹമ്മദ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker