
കാസര്‍കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നേഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും പാണത്തൂര്‍ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബര്‍ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതോടെ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള തര്‍ക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ചൈതന്യയെ മാനസികമായി വാര്‍ഡന്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വാര്‍ഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മന്‍സൂര്‍ ആശുപത്രിക്ക് മുന്‍പില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാര്‍ഥികളും വാര്‍ഡനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായത് എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 1056, 0471-2552056)