KeralaNews

മടക്കിയെത്തിയ്ക്കുന്നത് 80,000 പ്രവാസികളെ; ആദ്യഘട്ടത്തില്‍ 2,250 പേര്‍; കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം • വിദേശ രാജ്യങ്ങളില്‍ നിന്ന് ആകെ 80,000 പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ 2,250 പേരെയാണ് നാട്ടിലെത്തിക്കുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാകും ഇവരെ നാട്ടിലെത്തിക്കുക. മാലിദ്വീപ്‌, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും കപ്പലുകളിലും പ്രവാസികളെത്തും. മാലിയില്‍ നിന്നും രണ്ടും യു.എ.ഇയില്‍ നിന്ന് ഒരു കപ്പലും കൊച്ചിയിലെത്തും.

നാട്ടിലെത്തുന്ന പ്രവാസികളെ നേരെ വീട്ടിലേക്ക് അയക്കില്ല. സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പി.സി.ആര്‍ ടെസ്റ്റ്‌ നടത്തും. പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കും. വീട്ടിലെത്തിയ ശേഷം ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പ്രവാസി നിരീക്ഷണ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് ആന്റി ബോഡി ടെസ്റ്റ്‌ നടത്തും. ഇതിനായി രണ്ട് ലക്ഷം കിറ്റുകള്‍ സമാഹരിക്കും. നിരീക്ഷണ കാലയളവിലാകും ടെസ്റ്റുകള്‍ നടത്തുക.

45,000 പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ സ്റ്റോക്കുണ്ട്. ഈ മാസാവസാനത്തോടെ 60,000 പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

161,000 പേരായിരുന്നു കേരളത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും അംഗീകരിച്ചില്ല. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കണ്ണൂരിനെ കേന്ദ്രം ഒഴിവാക്കിയെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 69,180 പേര്‍ കണ്ണൂരില്‍ ഇറങ്ങാന്‍ താല്പര്യപ്പെട്ടിരുന്നു.

മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവരെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button