വിദ്വേഷപ്രസംഗ കേസിൽ പി.സി.ജോർജിന് വീണ്ടും നോട്ടീസ്
കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്. ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പി.സിക്ക് നോട്ടീസ് അയച്ചത്. ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തില്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പി.സി തൃക്കാക്കരയിലേക്കാണ് പോയത്.
തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടറെ കാണേണ്ടതുണ്ടെന്നും അതിനാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പി.സി ജോര്‍ജ് മറുപടി നല്‍കിയിരുന്നു. പിന്നീട് പോലീസ് ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണമുണ്ടാകില്ലെന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.